ശോഭന റിബലാകില്ല, കോണ്‍ഗ്രസില്‍ തന്നെ!

കൊല്ലം| WEBDUNIA|
PRO
PRO
അവസാനം ശോഭന ജോര്‍ജ്ജ് വഴങ്ങി. യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനും ഇടതുപക്ഷത്ത് നിന്ന് ജനവിധി തേടുന്ന സിപിഎമ്മിലെ സി എസ് സുജാതയ്ക്കുമെതിരെ ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍‌ക്കാന്‍ സമര്‍പ്പിച്ച പത്രികയാണ് ശോഭനാ ജോര്‍ജ്ജ് പിന്‍‌വലിച്ചത്. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി എകെ ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ പത്രിക പിന്‍‌വലിക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശോഭന പിന്‍വാങ്ങിയതെന്ന്‌ അറിയുന്നു.

താന്‍ റിബല്‍ അല്ലെന്ന് ആണയിട്ടുകൊണ്ട് ശോഭനാ ജോര്‍ജ്ജ് സ്വതന്ത്രയായി മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഓര്‍ത്തഡോക്‌സ് സഭ ശോഭനാ ജോര്‍ജ്ജിന് പിന്തുണ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും മണ്ഡലത്തില്‍ ശോഭനാ ജോര്‍ജ്ജിനുള്ള വ്യക്തമായ സ്വാധീനവും മനസിലാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അനുരഞ്ജനത്തിന് മുതിര്‍ന്നത് എന്നാണ് അറിയുന്നത്. നേതാക്കള്‍ അപേക്ഷിച്ചതോടെ ശോഭനയുടെ മനമലിഞ്ഞു.

വിഷ്ണുനാഥിന്റെ വിജയത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ശോഭന ഇപ്പോള്‍ പറയുന്നത്. പാര്‍ട്ടിയുടേയും സാമുദായികസംഘടനകളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങിയാണ്‌ പത്രിക പിന്‍വലിച്ചതെന്ന്‌ ശോഭന ജോര്‍ജ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ സീറ്റ്‌ നല്‍കിയില്ലെന്ന കാരണത്താല്‍ ആയിരുന്നു ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നത്‌.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസിന് വേണ്ടി കളമിറങ്ങുന്നത് ഏഴ് വനിതകളാണ്. ഇവരുടെ കൂട്ടത്തില്‍ ശോഭനാ ജോര്‍ജ്ജ് ഉണ്ടാകുമെന്നായിരുന്നു പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ അന്തിമപട്ടികയില്‍ ശോഭനാ ജോര്‍ജ്ജിന്റെ പേരുണ്ടായിരുന്നില്ല. ചെങ്ങന്നൂരില്‍ നിന്നുതന്നെ എംഎല്‍എ ആയി ജയിച്ചയാളാണ് ശോഭനാ ജോര്‍ജ്ജ്.

2005ല്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയ നേതാക്കളില്‍ പ്രമുഖയാണ് ശോഭന. എന്നാല്‍ തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ശോഭന മത്സരിച്ചിരുന്നു. തിരുവനന്തപുരം വെസ്റ്റില്‍ യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന ശോഭന വി സുരേന്ദ്രന്‍ പിള്ളയോട് പരാജയപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :