മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന് മുന്‍പ് ശശീന്ദ്രന്റെ ശരീരത്തില്‍ ചതവ് പറ്റിയിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈയിലും കാല്‍മുട്ടിനുമാണ് ചതവ് പറ്റിയിരിക്കുന്നത്. രണ്ടിടത്തുമുള്ള പരുക്കുകള്‍ സമാനസ്വഭാവത്തിലാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. കയര്‍കൊണ്ട് വരിയുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ചതവുകളാണ് ശശീന്ദ്രന്റെ ദേഹത്തുള്ളതെന്നാണ് സംശയിക്കുന്നത്.
ശശീന്ദ്രന്റെയും മക്കളുടെയും മൃതദേഹം ഉണ്ടായിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി കഴിഞ്ഞ ദിവസം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മയക്കം വരാനുള്ള ഒരുതരം സിറപ്പാണ് ഭക്ഷണത്തില്‍ കലര്‍ന്നിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. ഭക്ഷണം കുട്ടികളുടെ ആന്തരാവയങ്ങളില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കൊടുത്തിട്ടുണ്ട്.
ഈ പരിശോധനകളുടെയും ആന്തരിക അവയവങ്ങളുടേയും പരിശോധനാ ഫലംകൂടി ലഭിച്ചെങ്കില്‍ മാത്രമേ മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങുകയുളളു. അതേസമയം ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തതായും അറിയുന്നു.