ശബരിമല: അപ്പം വിതരണം തടസപ്പെട്ടു

ശബരിമല| M. RAJU| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2008 (08:58 IST)
ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു. ഇതിനെതിരെ നിരവധി ഭക്തര്‍ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ അപ്പം വിതരണം തടസപ്പെട്ടത്.

സന്നിധാനത്തുണ്ടായിരുന്ന ദേവസ്വത്തിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ നേരിട്ട്‌ ഇടപെട്ടാണ്‌ പിന്നീട്‌ അയ്യപ്പ ഭക്തര്‍ക്ക്‌ അപ്പം ലഭിക്കാന്‍ സൗകര്യമുണ്ടാക്കിയത്‌. വേണ്ടത്ര അളവില്‍ അപ്പം കരുതാതിരുന്നതാണ്‌ വിതരണം തടസപ്പെടാന്‍ കാര്യം. ഏകദേശം ഒരു മണിക്കൂറോളം നേരം വിതരണം തടസപ്പെട്ടു.

ശബരിമലയിലെ പ്രധാന പ്രസാദങ്ങളിലൊന്നാണ് അപ്പം. ഇതിന്‍റെ വിതരണം തടസ്സപ്പെട്ടത് ഭക്തരെ പ്രകോപിപ്പിച്ചു. പ്രതീക്ഷിച്ചതിലേറെ അയ്യപ്പഭക്തര്‍ എത്തിയതുകൊണ്ടാണ്‌ പ്രസാദം തീര്‍ന്നുപോയതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ഭക്തര്‍ക്ക്‌ ആവശ്യമുള്ള അപ്പം നല്‍കാന്‍ ബദല്‍ ഏര്‍പ്പാടുകള്‍ക്ക്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കി.

മണ്ഡല മഹോത്സവം അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായത് ഭക്തരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സന്നിധാനത്തെ മരാമത്ത്‌ ജോലികളും ഇഴഞ്ഞുനീങ്ങുകയാണ്‌. ചന്ദ്രാനന്ദന്‍ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ വൈകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :