വ്യാജ വാര്‍ത്ത ചോര്‍ത്തുന്നവരെ ശിക്ഷിക്കണം: സി പി എം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വ്യാജ വാര്‍ത്ത ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് 4 മുതല്‍ ജൂലൈ 8 വരെ ഡി വൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ ചില മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. വ്യാജവാര്‍ത്ത മാധ്യമങ്ങളില്‍ സൃഷ്ടിക്കാന്‍ സ്വാര്‍ത്ഥ താല്‍പര്യത്തോടെ പ്രവര്‍ത്തിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണം.

കേസന്വേഷണവും തുടര്‍ന്നുള്ള വിചാരണയും തികച്ചും സ്വതന്ത്രമായി നടക്കേണ്ട പ്രക്രിയയാണ്. അതിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെചുമതലയുള്ള ചില ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊലീസുദ്യോഗസ്ഥര്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെപ്പറ്റി ആഭ്യന്തരമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :