കസ്റ്റംസ് പിടിച്ചെടുത്ത ഇലട്രോണിക്സ് ഉപകരണങ്ങള്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ഗള്‍ഫില്‍ നിന്ന് ഒരു സ്വകാര്യ വ്യക്തിക്ക് അയച്ച ഇലട്രോണിക്സ് ഉപകരണങ്ങള്‍ വ്യാജ രേഖ ഉപയോഗിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയായിരുന്നു.
കസ്റ്റംസ് വിഭാഗം മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കരുണാകരന്‍, മുന്‍ സൂപ്രണ്ട് സാവിത്രി, മറ്റൊരു ഉദ്യോഗസ്ഥനായ പണിക്കര്‍ എന്നിവര്‍ക്കെതിരെയാണ് സി ബി ഐ കേസെടുത്തത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഗള്‍ഫില്‍ നിന്ന് മാള സ്വദേശിക്ക് അയച്ച ഒരു ലക്ഷം രൂപ വില വരുന്ന ഇലട്രോണിക്സ് ഉപകരണങ്ങളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. ഗൃഹോപകരണങ്ങള്‍ സ്വീകരിക്കാന്‍ ഇയാള്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വന്നതിനാല്‍ ഇയാള്‍ ഇത് സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
ഇത്തരത്തിലുള്ള സാധനങ്ങള്‍ ലേലത്തില്‍ വയ്ക്കുകയാണ് പതിവ്. എന്നാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വ്യാജരേഖ ഉണ്ടാക്കി ഇത് തട്ടിയെടുക്കയായിരുന്നു. ഇതിന് കൂട്ട് നിന്നതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്.