വെഞ്ഞാറമൂട് ശശി ആര്‍എസ്‌പിയിലേക്ക്

വെഞ്ഞാറമൂട് ശശി, സി പി ഐ, പന്ന്യന്‍ രവീന്ദ്രന്‍, ബെന്നറ്റ് ഏബ്രഹാം, ഷിബു
തിരുവനന്തപുരം| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (21:20 IST)
തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ട മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്‍ എസ് പിയിലേക്ക് ചേക്കേറുന്നു. ആര്‍ എസ് പി നേതാവും മന്ത്രിയുമായ ഷിബു ബേബിജോണുമായി അദ്ദേഹത്തിന്‍റെ വസതിയില്‍ ശശി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ശശിയെ ആര്‍ എസ് പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷിബു ബേബിജോണ്‍ പറഞ്ഞു.

ശശിയെ സ്വാഗതം ചെയ്യുന്നതായി ആര്‍ എസ് പി സെക്രട്ടറി എ എ അസീസും പ്രതികരിച്ചു. 15ന് ചേരുന്ന ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ആര്‍ എസ് പിയുടെ ഭാഗമായി നില്‍ക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വെഞ്ഞാറമൂട് ശശിയും പ്രതികരിച്ചു.

ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മൂന്ന് നേതാക്കളാണ് സി പി ഐയില്‍ നടപടിക്ക് വിധേയരായത്. സി ദിവാകരനെയും പി രാമചന്ദ്രന്‍ നായരെയും തരം താഴ്ത്തുകയും വെഞ്ഞാറമൂട് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയുമായിരുന്നു.

സി പി ഐയില്‍ വിഭാഗീയതയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പാവ സെക്രട്ടറിയാണെന്നും ആക്ഷേപിച്ച് വെഞ്ഞാറമൂട് ശശി പിന്നീട് സി പി ഐ വിടാന്‍ തീരുമാനിക്കുകയായിരുന്നു. 48 വര്‍ഷത്തെ കമ്യൂണിസ്റ്റ് ജീവിതം ഉപേക്ഷിച്ചാണ് വെഞ്ഞാറമൂട് ശശി യു ഡി എഫിന്‍റെ ഭാഗമായ ആര്‍ എസ് പിയിലേക്ക് പോകുന്നത്. ചൊവ്വാഴ്ച സി പി ഐ നേതൃത്വത്തിന് രാജി നല്‍കുമെന്നാണ് ശശി പറയുന്നതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രാജി സ്വീകരിക്കുന്ന കീഴ്വഴക്കമില്ല. പുറത്താക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ പക്ഷേ സി പി ഐ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :