വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പേരമകനും ഭാര്യയും അറസ്റ്റില്‍

റോഡരികില്‍ മരിച്ചനിലയില്‍ കാണപ്പെട്ട വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

മണ്ണാര്‍ക്കാട്, കൊലപാതകം, മരണം, അറസ്റ്റ് mannarkkad, murder, death, arrest
മണ്ണാര്‍ക്കാട്| സജിത്ത്| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (10:18 IST)
റോഡരികില്‍ മരിച്ചനിലയില്‍ കാണപ്പെട്ട വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
തുടര്‍ന്ന് പേരമകനേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു‍. അന്വേഷണത്തിനെന്ന വ്യാജേനെ പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ആര്യന്പാവ് - ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്കുസമീപം വൃദ്ധയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഒരു ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. കരിമ്പുഴ തോട്ടര ഈങ്ങാകോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ(71)യാണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിനൊപ്പം ലഭിച്ച ആത്മഹത്യക്കുറിപ്പ് സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിനു തുമ്പുണ്ടാക്കിയത്. എഴുതാന്‍ പോലും അറിയാത്ത നബീസ എങ്ങിനെയാണ് ഇത്തരമൊരു കുറിപ്പെഴുതുകയെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

തുടര്‍ന്നാണ് നബീസ(71)യുടെ മകള്‍ ഫാത്തിമയുടെയും കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ മുഹമ്മദ് എന്ന മമ്മുവിന്‍റെയും മകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27)എന്നിവര്‍ പൊലീസ് പിടിയിലായത്.

ഫസീലയുടെ ക്രിമിനല്‍ സ്വഭാവം സംബന്ധിച്ച്‌ ഇവരുടെ കുടുംബത്തില്‍ പ്രശ്നം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. ബഷീറിന്‍റെ പിതാവ് മുഹമ്മദിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിനു പുറമേ ബഷീറിന്‍റെ മാതാവ് ഫാത്തിമ മരണപ്പെട്ടതും സമാന രീതിയിലാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
അതിനിടെ വീട്ടില്‍നിന്ന് 43 പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിരുന്നു. ഈ സംഭവങ്ങളിലെല്ലാം സംശയത്തിന്റെ നിഴലിലായിരുന്നു ഫസീല. തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍നിന്ന് ഫസീലയെ പുറത്താക്കുകയും തുടര്‍ന്ന് കണ്ടമംഗലത്തെ സ്വന്തം വീട്ടില്‍ താമസിച്ചു വരുകയുമായിരുന്നുയെന്ന് പൊലീസ് വ്യക്തമാക്കി.

സൗദിയിലെ ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബഷീര്‍ കഴിഞ്ഞ മേയ് 12നാണ് നാട്ടിലെത്തിയത്. ഈ മാസം അവസാനത്തോടെ തിരിച്ചുപോവാനിരിക്കുകയായിരുന്നു. ബഷീര്‍ ഭാര്യയുമൊത്ത് കുന്തിപ്പുഴയിലെ നമ്പിയംകുന്നില്‍ വാടകയ്ക്കു വീടെടുത്താണു നാട്ടിലെത്തിയപ്പോള്‍ താമസിച്ചിരുന്നത്. വീട്ടില്‍ തിരിച്ചു കയറാന്‍ വേണ്ടിയാണ് അര്‍ബുദരോഗിയായ നബീസയെ ഒഴിവാക്കാനായി ഇരുവരും ഇത്തരത്തിലൊരു തന്ത്രം മെനഞ്ഞത്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസന്വേഷണത്തിന് പാലക്കാട് എസ്.പി ഡോ. ശ്രീനിവാസ്, ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി സുനീഷ്കുമാര്‍, മണ്ണാര്‍ക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫ, എസ്.ഐമാരായ ഷിജു എബ്രഹാം, മുരളീധരന്‍, എ.എസ്.ഐമാരായ റോയ് ജോര്‍ജ്, അബ്ദുല്‍ സലാം, സി.പി.ഒമാരായ മണികണ്ഠന്‍, ബെന്നി, സതീഷ്, ഷാഫി, സഹദ്, അഭിലാഷ്, വനിതാ സി.പി.ഒമാരായ നിത്യ, ഓമന എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :