വി എസ് അച്യുതാനന്ദന്‍ വീണ്ടും സി പി എം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കും ഡല്‍ഹിയില്‍ വച്ചാണ് വി എസ് കത്ത് കൈമാറിയത്. കേന്ദ്രക്കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വി എസ് കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കത്ത് കൈമാറിയത്.
ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് വി എസ് കാരാട്ടിന് അയച്ച കത്തിന് സമാനമായ ഉള്ളടക്കമുള്ള കത്താണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ സമീപനം ശരിയല്ല. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും ആ വിഷയം പാര്‍ട്ടി കൈകാര്യം ചെയ്ത രീതിയും ശരിയല്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് - എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രശേഖരന്‍ വധത്തിന് ശേഷം താന്‍ സ്വീകരിച്ച നിലപാടിനെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ടാണ് വി എസ് കത്ത് നല്‍കിയിരിക്കുന്നത്. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി എഴുതിനല്‍കുകയാണ് ഇതിലൂടെ വി എസ് ചെയ്തിരിക്കുന്നത്.
തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറാകുകയാണെങ്കില്‍ ‘അപ്പോള്‍ കാണാം’ എന്ന് വ്യക്തമാക്കി, പിന്‍മാറാന്‍ ഒട്ടും തയ്യാറല്ല എന്ന സന്ദേശം വി എസ് വെള്ളിയാഴ്ച രാവിലെ നല്‍കിയിരുന്നു. വി എസിന്‍റെ ഈ കര്‍ശനനിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കേന്ദ്രനേതൃത്വം കുഴങ്ങിയിരിക്കുകയാണ്.
അതേസമയം, വി എസിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പാര്‍ട്ടി സംസ്ഥാനനേതൃത്വം മുന്നോട്ടുപോകുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെള്ളിയാഴ്ച പ്രകാശ് കാരാട്ടിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.