വീണ്ടും ഫോണ്‍വിളി കുഴയ്ക്കുന്നു; ‘മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കി തരാം, ലൈംഗികബന്ധത്തിന് വഴങ്ങണ‘മെന്ന് ജീവനക്കാരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു​കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരനെയാണ് പുറത്താക്കിയത്.

ഫോണില്‍ നിരന്തരം വിളിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കോള്‍ സെന്ററില്‍ കരാറടിസ്‌ഥാനത്തില്‍ ജോലിചെയ്യുകയായിരുന്ന കെ പി ഗിരീഷ്‌കുമാറിനെയാണ്‌ ജോലിയില്‍ നിന്നു നീക്കം ചെയ്‌തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

കഴിഞ്ഞ ദിവസം പരാതി ലഭിച്ചയുടന്‍തന്നെ ജീവനക്കാരനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ വകുപ്പുതല അന്വേഷണം നടത്തുകയും ജൂണ്‍ 18ന്‌ പൊതുഭരണവകുപ്പ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്കു ലഭിക്കുകയും തൊട്ടടുത്ത ദിവസം തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.

ഗിരീഷ് കുമാര്‍ മൊബൈല്‍ നമ്പറിലേക്ക് നിരന്തരം വിളിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി തരാമെന്ന് പറയുകയും ഇതിനായി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഗിരീഷിന്റെ സുഹൃത്തുക്കള്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പരാതിക്കാരി വ്യക്തമാക്കി.

പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടാണ് ജീവനക്കാരനെ പിരിച്ചുവിട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്. ലൈംഗികാരോപണ കേസുകളില്‍ പരാതിക്കാരിയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന നിബന്ധന പാലിച്ചില്ല.

ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :