പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായം ഉയര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് ദേശീയ വനിതാ കമ്മിഷനോട് നിര്‍ദേശിക്കും. ചെറുപ്പക്കാര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് നിന്ന് 25 ആയും പുരുഷന്മാരുടെ വിവാഹപ്രായം 28 വയസോ അതില്‍ കൂടുതലോ ആയും ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അറിയിച്ചു.
വിവാഹപ്രായം കൂട്ടണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത് ദേശീയ വനിതാ കമ്മിഷന് ആയിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ദേശീയ വനിതാകമ്മീഷന് ആരായുകയായിരുന്നു. സംസ്ഥാന കമ്മിഷന് ഇതിനെ പിന്തുണച്ചെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
അതേസമയം ഇടതു അനുകൂല ഫോറങ്ങളടക്കമുള്ള വനിതാ സംഘടനകള്‍ ഈ നീക്കത്തോട് കരുതലോടെയാണ് പ്രതികരിക്കുന്നത്. എല്ലാ വശങ്ങളും പരിഗണിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാവൂ എന്നാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, വനിതാ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ യോഗം ഈ മാസം 28ന് ചേരും. യോഗത്തില്‍ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ ഗിരിജാ വ്യാസും മറ്റ് അംഗങ്ങളും പങ്കെടുക്കുമെന്നും ജസ്റ്റിസ് ശ്രീദേവി അറിയിച്ചു.