പന്തളം|
സജിത്ത്|
Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (16:44 IST)
വിവാഹത്തട്ടിപ്പ് നടത്തി വിലസുന്ന യുവതി പിടിയില്‍. പത്തോളം വിവാഹം കഴിച്ച് തട്ടിപ്പു നടത്തിവരികയായിരുന്ന കൊട്ടാരക്കര ആക്കൽ ഇളമാട് ഷാബു വിലാസത്തിൽ ശാലിനി (32) ആണ് ഏറ്റവും ഒടുവിലത്തെ വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്നലെ വരനായെത്തിയ ഉള്ളന്നൂർ സ്വദേശിയാണ് യുവതിയുടെ അവസാനത്തെ ഇരയെന്ന് പൊലീസ് പറഞ്ഞു.
പത്രപ്പരസ്യം കണ്ടായിരുന്നു ഇദ്ദേഹം വിവാഹാലോചന നടത്തിയത്. രണ്ടു മൊബൈൽ ഫോണുകള്‍ ഉപയോഗിക്കുന്ന ശാലിനി ഒരു ഫോണിലൂടെ നാത്തൂനാണെന്നു പറഞ്ഞായിരുന്നു വരന്മാരെ വലവീശിപ്പിടിച്ചിരുന്നത്. ഇപ്പോൾ ബംഗളൂരുവിലാണ് താന്‍ താമസിക്കുന്നതെന്നും ഉടൻതന്നെ ഹൈക്കോടതിയിൽ ജോലി ലഭിക്കുമെന്നും ഇത് തന്റെ രണ്ടാം വിവാഹമാണെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു.
യുവതിയെ നേരിൽ കാണണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മണ്ണാറശാല ക്ഷേത്രത്തിൽ തൊഴാൻ താന്‍ വരുന്നുണ്ടെന്നും അവിടെവെച്ചു കാണാമെന്നും യുവതി ഇയാളോട് പറഞ്ഞത്. അവിടെവെച്ച് പരസ്പരം കണ്ട ശേഷമായിരുന്നു വിവാഹം ഉറപ്പിച്ചത്. ബന്ധുക്കൾ അധികം ഇല്ലാത്തതിനാൽ കൂടുതലാളുകള്‍
കല്യാണത്തിനെത്തില്ലെന്നും ശാലിനി യുവാവിനെ ധരിപ്പിച്ചു.
എന്നാല്‍ ഉള്ളന്നൂർ വിളയാടിശേരിൽ ദേവീ ക്ഷേത്രത്തിലെ വിവാഹച്ചടങ്ങിനിടെ ശാലിനിയെ പരിചയമുള്ള ഒരാൾ എത്തിയതോടെയാണ് യുവതിയുടെ തട്ടിപ്പു മനസ്സിലായത്. നേരത്തേ തട്ടിപ്പിനിരയായ വ്യക്തിയെ വരുത്തി ബോധ്യം വരുത്തിയ ശേഷമാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പന്തളം സിഐ ആർ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വിവാഹ സംബന്ധമായി ചെങ്ങന്നൂർ, ആറന്മുള എന്നീ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.