വിവാദമാകുന്ന പുസ്തക വില്‍പ്പന

കൊച്ചി| WEBDUNIA|
PRO
PRO
ധനമന്ത്രി തോമസ്‌ ഐസക്ക്‌ രചിച്ച 'ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം' എന്ന പുസ്‌തകത്തിന്‍റെ വിറ്റഴിക്കല്‍ ചുമതല ലോട്ടറി വകുപ്പിനെ ഏല്‍പ്പിച്ചത് വിവാദമാകുന്നു. സി പി എം നേതാവ്‌ എം വി ജയരാജന്‍റെ നേതൃത്വത്തിലുള്ള ലോട്ടറി ക്ഷേമനിധി ബോര്‍ഡും, ലോട്ടറി വകുപ്പും സംയുക്‌തമായി സംഘടിപ്പിച്ച വാഹന പ്രചാരണ പരിപാടിയിലാണ് മന്ത്രിയുടെ പുസ്തകത്തിന്‍റെ വിറ്റഴിക്കല്‍ വേദി.

സംസ്‌ഥാന ലോട്ടറിയുടെ സുതാര്യതയും അന്യസംസ്‌ഥാന ലോട്ടറികളുടെ ചൂഷണവും ജനങ്ങളിലെത്തിക്കാന്‍ വകുപ്പ്‌ ആരംഭിച്ചതാണ് വാഹന പ്രചാരണ ജാഥ. സംസ്‌ഥാന പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ വോള്‍വോ ബസില്‍ സജ്‌ജീകരിച്ച ലോട്ടറി ചരിത്രം പ്രതിപാദിക്കുന്ന പ്രദര്‍ശനമാണ്‌ പ്രചാരണ ജാഥയിലെ മുഖ്യയിനം. ഇതിനിടയിലാണ് മന്ത്രിയുടെ പുസ്തക വില്‍പ്പന പൊടിപൊടിക്കുന്നത്.

ഒരു ജില്ലയില്‍ നാലു കേന്ദ്രങ്ങളിലെത്തുന്ന ജാഥയില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കു ഒക്‌ടോബര്‍-നവംബര്‍ മാസത്തിലെ സമാശ്വാസ ധനസഹായമായ 2000 രൂപ വിതരണം ചെയ്യുന്നുമണ്ട്. ക്ഷേമനിധി ബോര്‍ഡംഗങ്ങള്‍ക്കിടയില്‍ പുസ്തകം അടിച്ചേല്‍പ്പിക്കുന്നതായി ആക്ഷേപമുണ്ട്.

ചിന്ത പബ്ലിക്കേഷന്‍സ്‌ പുറത്തിറക്കിയ 45 രൂപ മുഖവിലയുള്ള പുസ്തകം കമ്മിഷന്‍ തുക കിഴിച്ചാണ് വിറ്റഴിക്കുന്നത്.
പ്രചാരണ പരിപാടിക്കൊപ്പമുള്ള ലോട്ടറി ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്‌ഥര്‍ക്കു പുസ്‌തക വില്‍പനയുടെ ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നതില്‍ അമര്‍ഷമുണ്ട്. നവംബര്‍17നു തിരുവനന്തപുരത്തുനിന്നാരംഭിച്ച പ്രചാരണ പരിപാടി 30നു സമാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :