വിളപ്പില്‍ശാലയില്‍ സംഘര്‍ഷം

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (14:34 IST)
വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ ലോറികള്‍ സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നതിനിടെ സംഘര്‍ഷം. സമരക്കാരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിര‌വധിപ്പേര്‍ തടിച്ച് കൂടിയിരുന്നതിനാല്‍ ഇവരെ നീക്കം ചെയ്യാന്‍ പൊലീസ് പാടുപെടുകയാണ്. പൊലീസ് സേനയില്‍ വനിതാപൊലീസ് ഇല്ലാത്തതിനാല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിഞ്ഞിട്ടില്ല. സമരക്കാരുടെ മുന്‍നിരയിലുണ്ടായിരുന്ന വിളപ്പില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭനകുമാരി അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയശേഷം മാലിന്യം, ചവറുഫാക്ടറിയിലേക്ക്‌ കൊണ്ടുപോകാനാണ്‌ പോലീസിന്റെ ശ്രമം‌.

ഇതിനിടയില്‍ അറസ്റ്റ്ചെയ്ത് നീക്കിയവരുമായി പോയവാഹനം സമരക്കാര്‍ തടഞ്ഞു. മാലിന്യം പ്ലാന്റില്‍ എത്തിക്കാന്‍ പൊലീസ് സംരക്ഷണം കൊടുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ മാലിന്യം വിളപ്പില്‍ശാലയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :