വിമാനത്താവളത്തിലെ മര്‍ദ്ദനം: പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം വിമാനത്താവളത്തില്‍ സി ഐ എസ്‌ എഫ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച വിദേശിയെ വിട്ടയച്ച സംഭവത്തില്‍ രണ്‌ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍റു ചെയ്തു. ശംഖുമുഖം അസിസ്റ്റന്‍റ്‌ കമ്മീഷണര്‍ സനല്‍കുമാര്‍, വലിയതുറ സബ്‌ ഇന്‍സ്പെക്ടര്‍ പൃഥ്വിരാജ്‌ എന്നിവരെയാണ് സസ്പെന്‍റു ചെയ്തത്.

അതേസമയം, വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തയച്ചു. ഈ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടതെന്ന് കത്തില്‍ ഉമ്മന്‍‌ചാണ്ടി ആരോപിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദേശിക്ക് താമസ സൌകര്യമൊരുക്കിയെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് പൊലീസിന്‍റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇതുവരെയുണ്ടായതെന്നും ആരോപിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സി ഐ എസ്‌ എഫ്‌ ഉദ്യോഗസ്ഥരെ മര്‍ദിച്ചത് വിദേശിയായ അഹമ്മദ്‌ മുഹമ്മദ്‌ അല്‍ ജലാക്കാണ്. ബ്രിട്ടീഷ്‌ പൗരനായ ഈജിപ്‌തുകാരനാണ് ഇയാള്‍.

വിദേശിയുടെ കൂട്ടുപ്രതിയായ മഠത്തില്‍ രഘുവിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :