വിമതര്‍ അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കും

ഷൊര്‍ണൂര്‍| WEBDUNIA|
ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സി പി എം വിമതര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഏകോപന സമിതി തിരുമാനിച്ചു. പാലക്കാട്‌, പൊന്നാനി, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായാണ്‌ മത്സരിക്കുകയെന്ന് ഇടതുപക്ഷ ഏകോപന സമിതി കണ്‍വീനര്‍ എം ആര്‍ മുരളി അറിയിച്ചു.

ഇന്നു ഷൊര്‍ണൂരില്‍ ചേര്‍ന്ന സി പി എം വിമതരുടെ സംസ്ഥാന സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്. സമ്മേളനം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. എല്ലാ മണ്ഡലങ്ങളിലും വിമതര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാകും മത്സരിപ്പിക്കുകയെന്ന്‌ എം ആര്‍ മുരളി പറഞ്ഞു. നാളെ ചേരുന്ന എല്‍ ഡി എഫ്‌ യോഗത്തിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുക.

പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച കരട്‌ പ്രമേയത്തില്‍ സി പി എമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. ഇടതു മുന്നണിയിലെ പാര്‍ട്ടികളേക്കാള്‍ പി ഡി പിയെ സഹായിക്കുന്ന നിലപാടാണ്‌ സി പി എമ്മിന്‍േറത്. ജാതിമത വിഘടന ശക്തികളോട്‌ സമരം ചെയ്യണമെന്ന പാര്‍ട്ടി കേന്ദ്രകമ്മറ്റിയുടെ തീരുമാനം സംസ്‌ഥാന നേതൃത്വം കാറ്റില്‍ പറത്തി. ബി ജെ പിയെ കൂടെ നിര്‍ത്താന്‍ സി പി എം സജീവമായി ശ്രമിക്കുകയാണെന്നും കരടു പ്രമേയം കുറ്റപ്പെടുത്തുന്നു.

ഷൊര്‍ണൂരിലെ ജനകീയ വികസന സമിതി നേതാവ്‌ എം ആര്‍ മുരളി കണ്‍വീനറും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ചെയര്‍മാനുമായി രൂപീകരിച്ച ഇടത്‌ ഏകോപനസമിതിയുടെ ബാനറിലായിരുന്നു സമ്മേളനം ഷൊര്‍ണൂരില്‍ വിളിച്ചുചേര്‍ത്തിരുന്നത്‌. ഇടത്‌ ഏകോപനസമിതി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പ്രഥമ സമ്മേളനമായിരുന്നു ഇത്.

പ്രതിനിധി സമ്മേളനത്തിനുശേഷം വൈകിട്ട് അഞ്ചു മണിക്ക് ഷൊര്‍ണൂരില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. ജി ശക്തിധരന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, പ്രൊഫ എന്‍ സുഗതന്‍, കെ എസ് ഹരിഹരന്‍, ടി പി ചന്ദ്രശേഖരന്‍, ഡോ എം ആസാദ്‌, എം ആര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :