വിന്‍സന്‍ എം പോളിന് കോടിയേരിയുടെ പിന്തുണ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തന്നെ വകവയ്ക്കാത്ത എ ഡി ജി പി വിന്‍സന്‍ എം പോളിനെതിരെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നടപടിക്കൊരുങ്ങിയെങ്കിലും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിന് വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. വിന്‍സന്‍ എം പോളിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പറ്റില്ലെന്ന് കോടിയേരി തറപ്പിച്ച് പറയുകയായിരുന്നു.

തന്റെ നിലപാടിനെ കോടിയേരി അനുകൂലിക്കില്ലെന്ന് വ്യക്തമായതോടെ ബുധനാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി ഡി ജി പിക്കും എ ഡി ജി പിക്കും അടിയന്തിരമായി നോട്ടീസ്‌ നല്‍കുകയായിരുന്നു. തന്നെ വന്ന് കാണണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതെത്തുടര്‍ന്ന് വിന്‍സന്‍ എം പോള്‍ വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ ഡി ജി പി എത്തിയതുമില്ല.

തന്നെ അനുസരിക്കാന്‍ കൂട്ടാക്കാത്ത വിന്‍സന്‍ എം പോളിനെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി കുറച്ചുദിവസമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി വേണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ക്രൈംബ്രാഞ്ച്‌ എ ഡി ജി പിയായ വിന്‍സന്‍ എം പോള്‍ തള്ളിക്കളയുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാറുമായി ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഡയറിയിലെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും വിന്‍സന്‍ എം പോള്‍ ഗൌനിച്ചില്ല. ഇതോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി മാറിയത്.

ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന കേസില്‍ നിയമോപദേശം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് വിന്‍സന്‍ പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഡ്വക്കേറ്റ് സുശീല്‍കുമാറിന്റെ നിയമോപദേശം തേടേണ്ട അവസ്ഥ ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ലായ്മ വന്ന സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ നിന്ന് തന്നെ മാറ്റണമെന്നും വരെ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുറച്ചുനാള്‍ മുമ്പ് ഡല്‍ഹിയിലെത്തി അഭിഭാഷകരായ ശാന്തിഭൂഷണ്‍, സുശീല്‍കുമാര്‍ എന്നിവരുടെ നിയമോപദേശം തേടിയിരുന്നു. ഐസ്‌ക്രീം, കോതമംഗലം എന്നീ പെണ്‍വാണിഭക്കേസുകളില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് ശാന്തിഭൂഷണ്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. അറസ്റ്റിന് ക്രൈംബ്രാഞ്ച്‌ ബോധപൂര്‍വം മടിക്കുകയാണെന്നും ശാന്തിഭൂഷന്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :