വിധി വരാന്‍ നോക്കിനിന്നു; ഇറ്റാലിയന്‍ നാവികര്‍ സ്ഥലം വിട്ടു!

കൊച്ചി: | WEBDUNIA| Last Modified വെള്ളി, 18 ജനുവരി 2013 (20:38 IST)
PRO
PRO
കടല്‍കൊലപാതകം സംബന്ധിച്ച കേസ്‌ കേരളത്തിന്‌ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന സുപ്രീം കോടതി വിധിക്ക്‌ തൊട്ടു പിന്നാലെ ഇറ്റാലിയന്‍ നാവികര്‍ കൊച്ചി വിട്ടു. എട്ടുമണിക്കുള്ള വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിക്ക്‌ പോയത്‍.

കടലിലെ വെടിവയ്പ് കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവരെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് നാവികര്‍ വിമാനം കയറിയത്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയുടെ അധീനതയിലുള്ള ഏതെങ്കിലും സ്ഥലത്ത് ഇവര്‍ക്ക് താമസിക്കാം. നാവികരുടെ പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറണം. നാവികര്‍ ദിവസേന ഡല്‍ഹി ചാണക്യപുരിയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കണമെന്നുമാണ് ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കടലിലെ വെടിവയ്പ് കേസ് നടന്നത് അന്തരാഷ്ട്ര കപ്പല്‍ ചാനലിലാണെന്നും അതിനാല്‍ കേരളത്തിന് കേസില്‍ ഇടപെടാനും വിചാരണ നടത്താനും അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കുന്ന പ്രത്യേക കോടതിയില്‍ വേണം വിചാരണ നടക്കേണ്ടതെന്നും മാരിടൈം നിയമപ്രകാരമാണ് വിചാരണ വേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നാവികരെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്ന് ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടത്.

ഇറ്റാലിയന്‍ എംബസിക്ക് കീഴില്‍ നാവികരെ പാര്‍പ്പിക്കണമെന്നും വിചാരണ നടക്കുന്ന ദിവസങ്ങളില്‍ എല്ലാം കോടതിയില്‍ നാവികര്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ ഉറപ്പ് നല്‍കി. ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോയ നാവികര്‍ കോടതി ഉത്തരവ് പാലിച്ച് തിരിച്ചെത്തിയത് ഉദാഹരണമായി ഇറ്റലി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് ഇറ്റലിയുടെ വാദം കോടതി അംഗീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :