വിക്കിലീക്സ് കുടുക്കില്‍ സിപി‌എം

തിരുവനന്തപുരം| WEBDUNIA|
PRO
വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ കേരളത്തിലെ സിപി‌എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന് കാലിടറുന്നു. വിദേശ നിക്ഷേപത്തിനു വേണ്ടി പിണറായി അടക്കമുള്ള സിപി‌എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ യുഎസ് പൊളിറ്റിക്കല്‍ കൌണ്‍സിലറുമായി പാര്‍ട്ടി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളാണ് വെളിപ്പെടുത്തലില്‍ ഉള്ളത്.

പ്ലാച്ചിമടയില്‍ കൊക്കക്കോളയ്ക്ക് എതിരെ നടത്തുന്ന സമരം പ്രാദേശിക വികാരമായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പണമില്ല എങ്കില്‍ അത് സ്വകാര്യ വ്യക്തികളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്നതില്‍ തെറ്റില്ല എന്നും പിണറായി വിജയന്‍ പറഞ്ഞതായും വിക്കിലീക്സ് രേഖകളില്‍ വ്യക്തമാക്കുന്നു.

2008- ല്‍ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ലെനിന്റെയും സ്റ്റാലിന്റെയും ചിത്രത്തിനു കീഴെ ഇരുന്നാണ് നേതാക്കള്‍ സ്വകാര്യ നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. പിണറായിയുടെയും മറ്റ് നേതാക്കളുടെയും യുഎസ് ചായ്‌വും സ്വകാര്യ നിക്ഷേപത്തിനോടുള്ള സമീപനവും തന്നെ അത്ഭുതപ്പെടുത്തിയതായും യുഎസ് പൊളിറ്റിക്കല്‍ കൌണ്‍സിലര്‍ പറയുന്നു.

പാര്‍ട്ടിയിലെ വിഭാഗീയതയെ കുറിച്ചും വിക്കിലീക്സ് രേഖകളില്‍ പറയുന്നുണ്ട്. പാര്‍ട്ടിയില്‍ വി എസിന്റെ നേതൃത്വത്തിലുള്ള പാരമ്പര്യവാദികളും പിണറായിയുടെ നേതൃത്വത്തിലുള്ള പരിഷ്കരണവാദികളും തമ്മില്‍ ആശയഭിന്നത നില നില്‍ക്കുന്നു. പരിഷ്കരണ വാദികള്‍ക്കാണ് മുന്‍‌തൂക്കം. അതിനാലാവണം ആയുര്‍‌വേദ ചികിത്സയുടെ കാര്യം പറഞ്ഞ് വി എസ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നത് എന്നും വിക്കിലീക്സ് രേഖകളില്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ഉദ്യോഗസ്‌ഥരുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട്‌ ശരിയാണെന്ന്‌ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ സമ്മതിച്ചു. പിണറായിയും എം എ ബേബിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്‍ഷ്യം. എന്നാല്‍, ഇത്തരത്തില്‍ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കേണ്ടി വന്നില്ല എന്നും ഐസക് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :