നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും, സൂക്ഷ്‌മപരിശോധനയും പൂര്‍ത്തിയായ സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി സി പി എം ഉന്നത നേതാക്കള്‍ ഇന്ന് ഇറങ്ങും.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടു തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുമ്പോള്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് തെക്കോട്ട് ആയിരിക്കും പ്രചാരണം നടത്തുക. എസ് എന്‍ സി ലാവ്‌ലിന്‍ കേസിലും, പി ഡി പി ബന്ധത്തിലും ഉള്ള അഭിപ്രായവ്യത്യാസം പോലെ തന്നെയാണ് ഉന്നത നേതാക്കളുടെ പ്രചാരണവും.
ഇടതുപക്ഷത്തിന്‍റെ പി ഡി പി ബന്ധത്തില്‍ മുഖ്യമന്ത്രി തല്പരനല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ നിന്നും പി ഡി പി വിട്ടുനില്‍ക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. തന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ പി ഡി പിക്കാര്‍ ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
പോളിറ്റ് ബ്യൂറോ അംഗവും, ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണനും ഇന്ന് പ്രചരണത്തിനായി ഇറങ്ങുന്നുണ്ട്. ആറ്റിങ്ങലിലാണ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആദ്യ പരിപാടി.