മദനി വിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മാധ്യമങ്ങളോടാകും വി എസ് പരാതി പറഞ്ഞതെന്നും കാരാട്ട് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗം പുതുമയുള്ള കാര്യമല്ല. ബിജെപിയുടെ താഴേത്തട്ടിലുള്ള നേതാക്കള്‍ വരെ ഇത്തരം പ്രസംഗങ്ങള്‍ നടത്താറുണ്ട്. കര്‍ണ്ണാടകയുടെ കാര്യമെടുത്താല്‍ അവിടെ മതസ്വതന്ത്ര്യം ഹനിക്കപ്പെടുകയാണ്. തങ്ങളുടെ ആശയങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദുത്വ ശക്തികള്‍ അവിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീം സമുദായത്തിനെതിരായ നീക്കങ്ങള്‍ നടത്താന്‍ ബിജെപി ഭീകരവാദത്തെ ഉപയോഗിക്കുകയാണെന്നും കാരാട്ട് ആരോപിച്ചു. വര്‍ഗീയതയും ഭീകരവാദവും ഒരു പോലെ ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയതായി കാരാട്ട് അഭിപ്രായപ്പെട്ടു. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കനുകൂലമായ നടപടിയല്ല കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ന്യൂനപക്ഷക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന തുക അപര്യാപ്തമാണെന്നും അദ്ദേഹം വിലയിരുത്തി.