വാഴച്ചാലിലെങ്ങും മദ്യക്കുപ്പിയും പ്ലാസ്റ്റിക്കും

തൃശൂര്‍| WEBDUNIA|
PRO
മധ്യകേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഴച്ചാലിലും അതിരപ്പിള്ളിയിലും മദ്യക്കുപ്പിയും പ്ലാസ്റ്റിക്കും കുമിഞ്ഞുകൂടുകയാണെന്ന് റിപ്പോര്‍ട്ട്. കര്‍ശനമായ പരിശോധനയും മറ്റും ഉണ്ടെന്നിരിക്കെ, എങ്ങിനെയാണ് വിനോദസഞ്ചാരികള്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും വാഴച്ചാലിലേക്കും അതിരപ്പിള്ളിയിലേക്കും കടത്തുന്നതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്ന് വനംവകുപ്പ്‌ ശേഖരിച്ചത്‌ ആറായിരത്തോളം കുപ്പികള്‍. കുപ്പികള്‍ മാത്രമല്ല, ആയിരക്കണക്കിനു ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പ്ലാസ്റ്റിക്‌ ഷീറ്റുകള്‍, കൂടുകള്‍ തുടങ്ങിയവയും ശേഖരിച്ച മാലിന്യങ്ങളില്‍ ഉള്‍പ്പെടുന്നു.

മധ്യവേനനല്‍ അവധി ആഘോഷിക്കാനാണ് സഞ്ചാരികള്‍ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ ധാരാളമായി എത്തുന്നത്. രണ്ടിടങ്ങളിലുമായി ഒരുമാസം ആറായിരത്തോളം പേര്‍ വന്നുപോകുന്നുണ്ടെന്നാണ്‌ കണക്ക്‌. ചെറു സംഘങ്ങളായി എത്തുന്നവര്‍ മദ്യക്കുപ്പികളുമായാണ് ആഘോഷിക്കുന്നത്. വനഭാഗങ്ങളിലും പുഴയോരത്തുമാണ് കുടിക്കാര്‍ ഒത്തുകൂടുന്നത്.

ടൂറിസ്റ്റുകള്‍ കൊണ്ടുവരുന്ന മദ്യത്തിനു പുറമേ ചാലക്കുടി ബിവറേജ് ഷോപ്പില്‍ നിന്നും വലിയ തോതില്‍ മദ്യമെത്തിച്ച് വില്‍പന നടത്തുന്ന സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്നത്‌ ചാലക്കുടിയിലാണെന്നതിന്‌ ചാലക്കുടിക്കാര്‍ വിരല്‍ ചൂണ്ടുന്നത്‌ അതിരപ്പിള്ളി യാത്രക്കാരിലേക്കാണ്‌.

വാഴച്ചാല്‍ മുതല്‍ തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലേക്കുള്ള 80 കിലോമീറ്ററിലധികം വരുന്ന റോഡില്‍ മലക്കപ്പാറ വരെയുള്ള 52 കിലോമീറ്റര്‍ കേരളത്തിന്റേതാണ്‌. വാഴച്ചാല്‍ ചെക്ക്‌ പോസ്റ്റില്‍ വാഹനങ്ങളിലെ പ്ലാസ്റ്റിക്‌ സാധനങ്ങളുടെ എണ്ണം പരിശോധിച്ചശേഷമാണ്‌ കടത്തിവിടുന്നത്‌. എന്നാല്‍ ഇതൊന്നും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കുന്നുകൂടുന്നത് കുറയാന്‍ സഹായിച്ചിട്ടില്ല. മണിരത്നത്തിന്റെ ബിഗ്ബജറ്റ്‌ ചിത്രമായ രാവണന്റെ ഷൂട്ടിംഗ്‌ കഴിഞ്ഞശേഷമുള്ള പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങള്‍ ഇപ്പോഴും അതിരപ്പിള്ളിയാറിന്റെ തീരത്തെ കാടുകളില്‍ തങ്ങിക്കിടപ്പുണ്ട്‌.

ടൂറിസം പോലീസ്, വനപാലകര്‍, വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ എന്നിവരെല്ലാമുണ്ടെങ്കിലും പരസ്യ മദ്യ ഉപയോഗവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വാഴച്ചാലിലും അതിരപ്പിള്ളിയിലും തുടരുകയാണ്. വിനോദസഞ്ചാരികള്‍ അങ്ങുമിങ്ങും ഉപേക്ഷിച്ചുപോകുന്ന ഭക്ഷണാവശിഷ്ടം കഴിക്കാനായി മൃഗങ്ങള്‍ റോഡിലേക്കിറങ്ങി വരുന്നത് ഇവിടത്തെ നാട്ടുകാരെ വിഷമിപ്പിക്കുന്നു. അധികൃതര്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :