വാര്‍ഷിക പദ്ധതിക്കായി കേരളം ചോദിച്ചത് 11,030 കോടിയായിരുന്നു. എന്നാല്‍ ചോദിച്ചതിനെക്കാള്‍ 980 കോടി രൂപ അധികമായി നല്‍കി സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി ആസൂത്രണ കമ്മിഷന്‍ അംഗീകരിച്ചു. 12,010 കോടി രൂപയാണ് കേരളത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ തുക ചെലവഴിക്കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.
കഴിഞ്ഞ തവണത്തെക്കാള്‍ 20% വര്‍ധനയാണ് ഇത്തവണത്തെ പദ്ധതിത്തുകയില്‍ ഉണ്ടായിരിക്കുന്നത്. അധിക കേന്ദ്രസഹായ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 110 കോടിയാണ് ലഭിച്ചത്. ഇപ്പോള്‍ അത് 326 കോടിയായി.
സംസ്ഥാനം നല്‍കിയ 11,030 കോടി രൂപയുടെ പദ്ധതിനിര്‍ദേശത്തില്‍ ഇങ്ങനെയാണ്- കൃഷിയും അനുബന്ധ ഘടകങ്ങളും - 927 കോടി, ഗ്രാമവികസനം - 311, തദ്ദേശ ഭരണം - 2574 കോടി, ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും - 401, ഊര്‍ജം - 1073 , പ്രത്യേക മേഖലാ പദ്ധതികള്‍ - 86, വ്യവസായം - 416, ശാസ്‌ത്ര-സാങ്കേതിക രംഗവും പരിസ്ഥിതിയും - 340, പൊതു സമ്പദ് സേവനങ്ങള്‍ - 250, ഗതാഗതം - 1034, പൊതുസേവനം - 31, കുടിവെള്ളം ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ - 3566.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിമാരായ കെ എം മാണി, കെ സി ജോസഫ് എന്നിവരും കമ്മിഷനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.