വടകര: യു ഡി എഫില്‍ തര്‍ക്കം രൂക്ഷം

കാസര്‍കോട്‌| WEBDUNIA|
വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കം രൂക്ഷമായി. യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തിന്‍റെ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ഘടകകക്ഷികള്‍ ആരോപിക്കുന്നു.

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നായിരുന്നു യു ഡി എഫ് യോഗത്തിലുണ്ടായ ധാരണ. വടകരയില്‍ സി പി എം വിമതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ സി പി എം വിമതര്‍ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വടകര യു ഡി എഫിനൊപ്പം നില്‍ക്കുമെന്നും സി എം പി ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചു കൊണ്ടാണ് യോഗം പിരിഞ്ഞത്. പിന്നീട് യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ യു ഡി എഫ് തീരുമാനത്തെ എതിര്‍ത്ത് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തുകയായിരുന്നു. സി പി എം വിമതരെ സി പി എമ്മിന്‍റെ ഭാഗമായി തന്നെയാണ് യു ഡി എഫ് കാണുന്നതെന്നും കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വടകരയില്‍ മത്സരിക്കുമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഇതിനെതിരെ യു ഡി എഫില്‍ കലാപം തലപൊക്കുകയാണ്.

രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ രംഗത്തെത്തി. വടകര സീറ്റിന്‍റെ കാര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് രാഘവന്‍ ആരോപിച്ചു. ഒഞ്ചിയത്ത്‌ സിപിഎമ്മിലെ പിളര്‍പ്പുകണ്ട്‌ വടകര മണ്ഡലം പിടിച്ചെടുക്കാമെന്നത്‌ യു ഡി എഫിന്‍റെ വ്യാമോഹം മാത്രമാണെന്ന് പറഞ്ഞ രാഘവന്‍, ഘടകകക്ഷികളെ അംഗീകരിക്കാനുള്ള സന്‍‌മനസ് കോണ്‍ഗ്രസിനുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

വടകര സീറ്റ്‌ സി എം പി ആവശ്യപ്പെട്ടതാണ്‌. അതിന്‍റെ അടിസ്ഥാനത്തിലാണ്‌ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യു ഡി എഫ്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ വടകരയില്‍ കോണ്‍ഗ്രസുകാരന്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നു പറയുന്നതിന്‍റെ പൊരുള്‍ മനസിലാകുന്നില്ല. ഘടകകക്ഷികള്‍ വെറും വോട്ട്‌ ചെയ്യുന്നവര്‍ മാത്രമല്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും രാഘവന്‍ പറഞ്ഞു.

വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് മറ്റ് ഘടകകക്ഷികള്‍ക്കും അഭിപ്രായവ്യത്യാസമുണ്ട്. എന്തായാലും തെരഞ്ഞെടുപ്പിന് മുമ്പു തന്നെ വടകര യു ഡി എഫിന് തലവേദന സൃഷ്ടിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :