ലോറി സമരം: ചര്‍ച്ച അവസാനിച്ചു

കോഴിക്കോട്| WEBDUNIA|
ലോറി തൊഴിലാളി നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. മന്ത്രിമാരായ മാത്യു ടി തോമസ്‌, പി.കെ ഗുരുദാസന്‍, വ്യവസായ മന്ത്രി എളമരം കരീം എന്നിവരും തൊഴിലാളി സംഘടന നേതാക്കളും കോഴിക്കോട്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

സമരത്തില്‍ തൊഴിലാളികളുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. യോഗത്തില്‍ എല്ലാ തൊഴിലാളി സംഘടനകളും ക്ഷേമനിധി അടയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടു.

അവശ്യ സാധനങ്ങള്‍ക്ക് ദൌര്‍ല്ലഭ്യം ഉണ്ടാകുന്ന സാഹചര്യം സംസ്ഥാനത്ത് നിലവില്‍ വരികയാണെങ്കില്‍ ലോറികള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. പിടിച്ചെടുക്കുന്ന ലോറികള്‍ ഉടമകളുടെ സഹായമില്ലാതെ തന്നെ ഓടിക്കാനാവും. ഇപ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇതിന് തടസ്സം വരികയാണെങ്കില്‍ ആവശ്യമായ നടപടികളെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടത്തുന്ന ലോറി സമരം അനാവശ്യമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല. മറ്റ് ക്ഷേമനിധിയെക്കാള്‍ കുറഞ്ഞ വിഹിതം മാത്രമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഉടമകള്‍ അടയ്ക്കുന്നത്.

സമരം ഒത്തു തീര്‍പ്പിലെത്തിക്കുന്നതിന് ലോറി ഉടമകള്‍ വേണം വിട്ടുവീഴ്ചകള്‍ ചെയ്യാന്‍. ക്ഷേമനിധി അടയ്ക്കാന്‍ പലതവണ ലോറി ഉടമകള്‍ക്ക് സാവകാശം നല്‍കിയിരുന്നുവെന്നും മന്ത്രിമാര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :