ലൈംഗിക പീഢനം തടയാന്‍ നടപടി

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2008 (10:11 IST)
ടൂറിസം കേന്ദ്രങ്ങളില്‍ കുട്ടികള്‍ ലൈംഗിക പീഢനത്തിന്‌ ഇരയാകുന്നത്‌ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര - ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം, ആഭ്യന്തര, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്‌. ചില ടൂറിസം കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ മന്ത്രി ഉന്നതതല യോഗം വിളിച്ചത്‌.

നമ്മുടെ സംസ്കാരത്തിനും സമൂഹത്തിനും ദോഷകരമായ ലൈംഗിക വൈകൃതങ്ങള്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെച്ചുപൊറുപ്പിക്കില്ല. മസാജിംഗിന്‍റെയും മറ്റും മറവിലുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപിടകളെടുക്കും. കോവളത്തും വിഴിഞ്ഞത്തും ആണ്‍കുട്ടികളെ ലൈംഗിക പീഢനത്തിന്‌ വിധേയരാക്കിയ കേസുകള്‍ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

പൊലീസ്‌ നടപടികള്‍ കൊണ്ടുമാത്രം ഇത്തരം സാമൂഹ്യ ദുഷ്ടപ്രവണതകള്‍ അവസാനിപ്പിക്കാനാകില്ല. വ്യാപകമായ ബോധവല്‍ക്കരണം ഇതിനാവശ്യമാണ്‌. ടൂറിസം സീസണില്‍ ഡസ്റ്റിനേഷനുകളില്‍ വിപുലമായ പൊലീസ്‌ സാന്നിധ്യം ഉറപ്പാക്കും. അനാശാസ്യ പ്രവണതകളെപ്പറ്റി വിവരം ലഭിച്ചാല്‍ റെയ്ഡുകള്‍ നടത്തും.

ലൈംഗിക വൈകൃതങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ സാമൂഹ്യക്ഷേമ വകുപ്പ്‌ നടപടി സ്വീകരിക്കും. ടൂറിസം രംഗത്തെ സംരംഭകരുടെ സഹകരണം ഉറപ്പുവരുത്താനുള്ള നടപടികള്‍ ടൂറിസം വകുപ്പ്‌ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :