ലാവ്‌ലിന്‍: കോടതി അനുമതി കാത്ത് സി ബി ഐ

ന്യൂഡല്‍ഹി| WEBDUNIA|
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സി ബി ഐ ഡയറക്‌ടര്‍ അശ്വിനി കുമാര്‍ അറിയിച്ചു.

ന്യുഡല്‍ഹിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി ലഭിച്ചാല്‍ മാത്രമേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു.

അതേസമയം, ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടിക്ക്‌ അനുമതി നല്‍കുന്ന കാര്യത്തിലുള്ള നിയമോപദേശം വേഗത്തില്‍ നല്‍കണമെന്ന്‌ അഡ്വക്കേറ്റ്‌ ജനറലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മുഖ്യന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്‍പതാം പ്രതിയാണ്. ഇക്കാരണത്താല്‍ ലോക്സഭ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. വൈദ്യുത വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, മുന്‍ ബോര്‍ഡ് ചെയര്‍മാനുമായ കെ മോഹനചന്ദ്രന്‍ ആണ് കേസിലെ ഒന്നാം പ്രതി.

വൈദ്യുത ബോര്‍ഡ് അക്കൌണ്ട് മെമ്പര്‍ കെ ജി രാജശേഖരന്‍ നായര്‍, വൈദ്യുതി ബോര്‍ഡ് ഇലക്‌ട്രിക്കല്‍ മെമ്പര്‍ മാത്യു റോയ്, കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്‌തൂരി രംഗയ്യര്‍, വൈദ്യുതിബോര്‍ഡ് മുന്‍ അംഗം ആര്‍ ഗോപാലകൃഷ്‌ണന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍, ലാവ്‌ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ക്ലൌഡ് ടിന്‍റല്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എസ് എന്‍ സി ലാവ്‌ലിന്‍ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്‌ടര്‍ ദിലീപ് രാഹുലന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :