ലാവ്‌ലിന്‍: കാര്‍ത്തികേയനെ പ്രതിയാക്കിയേക്കും

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (16:21 IST)
PRO
ലാവ്‌ലിന്‍ കേസില്‍ സി പി എമ്മിനെതിരെ രോഷം കൊണ്ട കോണ്‍ഗ്രസിന്‍റെ വായടയുന്നു. കേസില്‍ പ്രതിയല്ലാതിരുന്ന മുന്‍ വൈദ്യുത മന്ത്രി ജി കാര്‍ത്തികേയനെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബിഐ രണ്ട് തവണ ചോദ്യം ചെയ്തു. കാര്‍ത്തികേയനേയും പ്രതിചേര്‍ത്ത് കുറ്റപത്രം പുതുക്കിയേക്കുമെന്നാണ് സൂചനകള്‍.

ഗൂഢാലോചനയുടെ സ്ഥാപകന്‍ എന്നാണ് കാര്‍ത്തികേയനെ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ബി ഐ വിശേഷിപ്പിച്ചത്. എന്നാല്‍, കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നില്ല. കാര്‍ത്തികേയനെതിരെ അന്വേഷണം നടത്താന്‍ കുറ്റപത്രം പരിഗണിച്ചുകൊണ്ട് എറണാകുളം സി ബി ഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് കാര്‍ത്തികേയനെ സി ബി ഐ ചോദ്യം ചെയ്തത്.

കാര്‍ത്തികേയനെ ചോദ്യം ചെയ്തത് നിസാ‍രമായി കാണുന്നില്ലെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നല്‍കുന്ന വിവരം. എന്തോ കാര്യമായി സംഭവിക്കാന്‍ പോകുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാര്യമായി ഭയക്കുന്നുണ്ട്. കേസില്‍ കാര്‍ത്തികേയന്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

സി പി എമ്മിനേയും പിണറായി വിജയനേയും ആക്രമിക്കാനുള്ള കോണ്‍ഗ്രസിന്‍റെ പ്രധാന ആയുധമായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍, കാര്‍ത്തികേയനും പ്രതിപ്പട്ടികയിലെത്തിയാല്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളുടെ മുനയൊടിയും. കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തി എന്ന സി പി എമ്മിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കല്‍ കൂടിയാകും കാര്‍ത്തികേയനെതിരേയും കേസെടുക്കുമ്പോള്‍ നടക്കുക.

രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും കാര്‍ത്തികേയന്‍റെ മറുപടിയില്‍ സി ബി ഐ സംഘം തൃപ്തരല്ലെന്നാണ് സൂചന. ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കാര്‍ത്തികേയന്‍റെ കാലത്ത് ലാവ്‌ലിന്‍ കമ്പനിയുമായി കരാറൊപ്പിട്ടതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക കരാറിലെ അപാകതയാണ് ക്യാന്‍സര്‍ സെന്‍ററിനുള്ള പണം നഷ്ടമാകാന്‍ കാരണമെന്ന് സി ബി ഐ വിലയിരുത്തുകയാണെങ്കില്‍ കാര്‍ത്തികേയനേയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടി വരും.

ഇതോടെ കേസ് തേച്ചുമാച്ച് കളയുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിക്കും. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ പ്രമാദമായ ഒരു അഴിമതിക്കേസ് എങ്ങുമെത്താതെ അവസാനിക്കും. ഈ മാസം 24നാണ് കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടത്. അതിന് മുന്‍പായി കാര്‍ത്തികേയന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :