റൌഫിന് സഹായം; ഡിഐജി ശ്രീജിത്തിനെതിരെ അന്വേഷണം

കാസര്‍കോട്. | WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (20:28 IST)
PRO
PRO
വിവാദ വ്യവസായി കെഎ റൌഫിനെ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തില്‍ ഡിഐജി: എസ് ശ്രീജിത്തിനെതിരെ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട്ടുകാരനായ ഒരാളുടെ കുടകിലെ ഭൂമി ഒഴിപ്പിക്കാന്‍ കര്‍ണാടക പൊലീസിലെ ഡിഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിക്കാമെന്നു കെ എ റൌഫിന് ഡിഐജി ശ്രീജിത്ത് ഉറപ്പു നല്‍കുന്ന ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലി നല്‍കി കുടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് കെ എ റൌഫിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് ഒരു മാസത്തോളം ഇയാളുടെ ഫോണ്‍ സംഭാഷണം നിരീക്ഷിച്ചപ്പോഴാണു ഡിഐജി ശ്രീജിത്തുമായുള്ള ഇടപാടുകളുടെ വിവരങ്ങളും പുറത്തുവന്നത്. ഡിസംബര്‍ 11ന് രാവിലെ 11.26നും വൈകിട്ട് 6.26നുമായുള്ള രണ്ടു സംഭാഷണങ്ങളിലൂടെയാണു ഗുഡാലോചന വെളിപ്പെട്ടത്.

കോഴിക്കോട് സ്വദേശിയായ മോഹന്‍രാജ് എന്നയാള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് പലിശയ്ക്കു നല്‍കിയ പണത്തിനു പകരമായി വന്‍തുകയും വസ്തുക്കളും റൌഫ് തരപ്പെടുത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന മോഹന്‍രാജിന്റെ പക്കല്‍ ഒടുവില്‍ അവശേഷിച്ച കുടകിലെ എസ്റ്റേറ്റ് തട്ടിയെടുക്കാനുള്ള തന്ത്രങ്ങള്‍ ചമയക്കുന്നതിന്റെയും കള്ളക്കേസില്‍ കുടുക്കാന്‍ കര്‍ണാടകയിലെ പൊലീസ് ഉന്നതരോടു ശിപാര്‍ശ ചെയ്യാമെന്നു ശ്രീജിത്ത് ഉറപ്പ് നല്‍കുന്നതിന്റെയും രേഖകളാണ് പുറത്തു വന്നത്. ഇതെത്തുടര്‍ന്നാണ് ഡിഐജി: എസ് ശ്രീജിത്തിനെതിരെ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :