മുന്‍ എംഎല്‍എയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ റോസമ്മ പുന്നൂസ് (101) അന്തരിച്ചു. ഒമാനിലെ സലാലയില്‍ ആയിരുന്നു അന്ത്യം. മുന്‍ എംപി പിടി പുന്നൂസിന്റെ ഭാര്യയാണ്.
കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്പീക്കറായിരുന്നു റോസമ്മ പുന്നൂസ്. കേരളനിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ്.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയില്‍ അന്നമ്മയുടേയും എട്ടു മക്കളില്‍ നാലാമതായി1913 മേയ് 13നാണ് റോസമ്മ പുന്നൂസ് ജനിച്ചത്. നിയമ ബിരുദധാരിയായിരുന്നു അവര്‍. ഒന്നും എട്ടും നിയമസഭകളില്‍ അവര്‍ അംഗമായി. ദേവികുളം മണ്ഡലത്തേയും ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്.
സിപിഐയുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മിഷന്‍ അംഗം, തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണ്‍, ഹൗസിംഗ് ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.