റെയില്‍വേയെ കേരളം അവഗണിക്കുന്നെന്ന് മന്ത്രി

കൊച്ചി| WEBDUNIA|
കേരളത്തെ റെയില്‍വേ അവഗണിക്കുന്നു എന്നായിരുന്നു സ്ഥിരം പരാതിയെങ്കില്‍ ആ പരാതി ഇനിയില്ല. കേരളം റെയില്‍വേയെ അവഗണിക്കുന്നെന്ന കുറ്റപ്പെടുത്തലുമായി വകുപ്പുമന്ത്രി തന്നെയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

റയില്‍വേയെ കേരളം അവഗണിക്കുന്നുവെന്ന പരാതിയുമായി കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ ആണ് രംഗത്തെത്തിയിരിക്കുന്നത്. എറണാകുളം ലോക്മാന്യതിലക്‌ തുരന്തോ എക്സ്പ്രസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു സംസാരിക്കുകയായിരുന്നു റെയില്‍വേമന്ത്രി.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിനായി വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കിത്തരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹകരിച്ചാല്‍ കേരളത്തിന്‌ നേട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ച മൂടിവയ്ക്കാനുളള ശ്രമമാണ്‌ ഇ അഹമ്മദ് തന്‍റെ പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നതെന്ന് മന്ത്രി എം വിജയകുമാര്‍ ആരോപിച്ചു. റയില്‍വേ സോണ്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ആവശ്യം ഉന്നയിച്ച ശേഷം മറ്റിടങ്ങളില്‍ ഒന്‍പതു സോണുകള്‍ അനുവദിച്ചു. കൊച്ചിയില്‍ ഇന്നു നടന്ന പരിപാടി സംസ്ഥാനസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സംസ്ഥാനമന്ത്രി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :