കൊച്ചി|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (22:06 IST)
ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസും റുക്സാനയും കീഴടങ്ങി. ഐജി എം ആര്‍ അജിത്കുമാര്‍ മുമ്പാകെ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഇരുവരും കീഴടങ്ങിയത്. കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാലാണ് ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങിയതെന്നും ഇവരുടെ അഭിഭാഷകര്‍ പറയുന്നു.
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും രുക്സാനയും ബിന്ധ്യാസും വെളിപ്പെടുത്തി. രവീന്ദ്രന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും അതിന്പിന്നില്‍ സജികുമാറും വിന്‍സന്‍റുമാണെന്നും പ്രതികള്‍ പറഞ്ഞു.
സജികുമാറും രവീന്ദ്രനും രാഷ്ട്രീയക്കാരുടെ കള്ളപ്പണവാഹകരാണെന്ന് പ്രതികള്‍ ആരോപിച്ചു. ഇവരുമായി വലിയ പണമിടപാടുകള്‍ ഉണ്ടെന്നും പ്രതികള്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളായ ശരത് ചന്ദ്ര പ്രസാദിനും അബ്‌ദുള്ളക്കുട്ടിക്കും ഈ കേസിലെ കക്ഷികളുമായി ബന്ധമുണ്ടെന്നും ബിന്ധ്യാസും റുക്സാനയും ആരോപിച്ചു. ഇവര്‍ക്ക് പണമിടപാടുമായി ബന്ധമുണ്ടെന്നും പ്രതികള്‍ ആരോപിച്ചു.
എറണാകുളത്തെയും തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസിലെ കക്ഷികളുമായി ബന്ധമുണ്ടെന്നും റുക്സാനയും ബിന്ധ്യാസും വെളിപ്പെടുത്തി.
ഏറെ നാടകങ്ങള്‍ക്കൊടുവിലാണ് കേസിലെ പ്രതികള്‍ ഐ ജി ഓഫീസില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നോര്‍ത്ത് സി ഐ ഓഫീസില്‍ ഹാജരാകുമെന്നായിരുന്നു സൂചന. പിന്നീട് രാത്രിയില്‍ ഇവര്‍ ഐ ജി ഓഫീസില്‍ ഹാജരാകുകയായിരുന്നു.