രോഗിയുടെ മരണം: കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി| WEBDUNIA|
കോഴിക്കോട്‌ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വാര്‍ഡന്‍റെ അടിയേറ്റ്‌ രോഗി മരിച്ച സംഭവം അന്വേഷിച്ച്‌ ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക സിറ്റിംഗ്‌ നടത്തിയതിനു ശേഷം ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ്‌ കോഴിക്കോട്‌ സി ജെ എമ്മിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിക്കുനി പുല്ലാനൂര്‍ മേലേവളപ്പില്‍ ദാമുക്കുട്ടിയുടെ മകന്‍ സുന്ദരന്‍(33) ഇന്ന്‌ പുലര്‍ച്ചെയാണ് മരിച്ചത്‌. കഴിഞ്ഞ പതിനേഴാം തീയതി ആയിരുന്നു സംഭവം. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ് അവശനായതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ ഇയാള്‍ക്ക്‌ പരുക്കേറ്റതെന്നാണ്‌ മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതരുടെ വിശദീകരണം.

എന്നാല്‍, വാര്‍ഡനും ആശുപത്രിയിലെ മറ്റൊരു രോഗിയും ചേര്‍ന്ന്‌ മര്‍ദിച്ചതിനെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇങ്ങനെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവം അന്വേഷിച്ച്‌ ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :