രാഷ്ടീയക്കാരെ കാണില്ലെന്ന് സന്ദീപിന്‍റെ പിതാവ്

ബാംഗ്ലൂര്‍| WEBDUNIA|
രാഷ്ട്രീയക്കാരെ കാണാന്‍ താല്പര്യമില്ലെന്ന് മുംബൈയില്‍ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ പിതാവ്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സന്ദീപിന്‍റെ വീട് സന്ദര്‍ശിക്കില്ലെന്ന് സുചനയുണ്ട്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഞായറാഴ്ച വൈകിട്ട് സന്ദീപിന്‍റെ വീട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. സന്ദീ‍പിന്‍റെ ശവസംസ്കാര
ചടങ്ങില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി വിമര്‍ശിച്ചിരുന്നു. സന്ദീപിനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സിദ്ദിഖും ആരോപിച്ചിരുന്നു.

ഇതിന് ശേഷമാണ് സന്ദീപിന്‍റെ വീട് ഞായറാഴ്ച വൈകിട്ട് സന്ദര്‍ശിക്കുമെന്ന് കോടിയേരി അറിയിച്ചത്. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സന്ദീപിന്‍റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയുണ്ടായി.

പോളിറ്റ് ബ്യൂറൊ യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡല്‍‌ഹിയിലായിരുന്നു. ഇവിടെ നിന്ന് ബാംഗ്ലുരിലെ സന്ദീപിന്‍റെ വീട്ടില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :