രാത്രികാലങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നല്‍കിയത്. ഇതിനായി മെഡിക്കോ ലീഗല്‍ കോഡില്‍ മാറ്റം വരുത്തിയതായി മന്ത്രിസഭായോഗത്തിന് ശേഷമുള്ള വര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി കൃത്രിമ വെളിച്ചം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുമെന്നും ഇതിന് അത്യാവശ്യം വേണ്ട തസ്തികകളും സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്താന്‍ പാടില്ല. പകല്‍വെളിച്ചത്തില്‍ മാത്രമെ പോസ്റ്റുമോര്‍ട്ടം നടത്താവൂ എന്നായിരുന്നു നിയമം.
റിസ്ക് അലവന്‍സ് അനുവദിക്കും
റിസര്‍വ് വനത്തിലും നാഷണല്‍ പാര്‍ക്കിലും ജോലി ചെയ്യുന്ന വനസംരക്ഷണ ജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സ് നല്‍കും. വന്യജീവികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തും.
വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ പോലും ഇറങ്ങി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റുതീരുമാനങ്ങള്‍
മോട്ടോര്‍ വാഹന വകുപ്പില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ 55 തസ്തികകള്‍ അനുവദിച്ചു.
ബജറ്റ് പ്രഖ്യാപനമായ കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍സ് അംഗീകരിച്ചു.
പട്ടികജാതി വികസന വകുപ്പിന് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ വേണ്ടി പാലക്കാട് ജില്ലയിലെ യാക്കരയില്‍ 50 ഏക്കര്‍ ഭൂമി അനുവദിച്ചു.