രാജന്‍ പി. ദേവ്‌ അന്തരിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
പ്രമുഖ നടന്‍ രാജന്‍ പി. ദേവ്‌ അന്തരിച്ചു. കൊച്ചിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറരയ്ക്ക്‌ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് രാജന്‍ പി ദേവിനെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മരണം വരെയും അബോധാവസ്ഥയിലായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ രാജന്‍ പി ദേവിന്റെ മൃതദേഹം എറണാകുളം ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശവസംസ്കാരം നാളെ 11 മണിക്ക് അങ്കമാലിയിലെ കറുകുറ്റിയില്‍ നടക്കും.

ഞായറാഴ്ച രാവിലെ 9.30ന് അങ്കമാലിയിലെ വീട്ടില്‍ വച്ചാണ് രാജന്‍ പി ദേവ് രക്തം ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാകുകയും ചെയ്തത്. ഉടന്‍ തന്നെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെത്തി പ്രഥമശുശ്രൂക്ഷ നല്‍കിയ ശേഷം അദ്ദേഹത്തെ ലേക് ഷോറിലേക്ക് മാറ്റുകയായിരുന്നു.

കരള്‍ രോഗത്തിന് മുമ്പും രാജന്‍‌ പി ദേവ് ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്. കടുത്ത പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, അടുത്തിടെ കണ്ണുകള്‍ക്ക് ഒരു ശസ്ത്രക്രിയയ്ക്ക് രാജന്‍ വിധേയനായിരുന്നു.

എസ് എല്‍ പുരത്തിന്‍റെ കാട്ടുകുതിര എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ രാജന്‍ പി ദേവ് സിനിമാ ലോകത്ത് തന്‍റേതായ ഇരിപ്പിടം സൃഷ്ടിച്ചത് ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. പിന്നീട് വില്ലനും നായകനും കൊമേഡിയനും സ്വഭാവനടനുമൊക്കെയായി രാജന്‍ പി ദേവ് മാറി. മലയാളത്തോടൊപ്പം മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും ഈ നടന്‍ അഭിനയിച്ചിട്ടുണ്ട്.

മൂക്കില്ലാരാജ്യത്ത്, കാഴ്ചയ്ക്കപ്പുറം, ഫസ്റ്റ് ബെല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, രുദ്രാക്ഷം, കമ്മീഷണര്‍, സ്ഫടികം, പുതുക്കോട്ടയിലെ പുതുമണവാളന്‍, മാന്ത്രികം, കൊക്കരക്കോ, അനിയന്‍ബാവ ചേട്ടന്‍ബാവ, മിസ്റ്റര്‍ ക്ലീന്‍, അഴകിയ രാവണന്‍, മന്ത്രമോതിരം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ജനാധിപത്യം, വര്‍ണപ്പകിട്ട്, വിസ്മയം, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, ഗ്രാമപ്പഞ്ചായത്ത്, ഇന്‍ഡിപെന്‍ഡന്‍സ്, ദീപസ്തംഭം മഹാശ്ചര്യം, ക്രൈം ഫയല്‍, ആകാശഗംഗ, രാക്ഷസരാജാവ്, കരുമാടിക്കുട്ടന്‍, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കയ്യെത്തും ദൂരത്ത്, സേതുരാമയ്യര്‍ സി ബി ഐ, വെള്ളിനക്ഷത്രം, ഭരത്ചന്ദ്രന്‍ ഐ പി എസ്, അച്ഛന്‍റെ കൊച്ചുമോള്‍ക്ക്, തൊമ്മനും മക്കളും, പാണ്ടിപ്പട, ചാന്തുപൊട്ട്, പോത്തന്‍ വാവ, ടൈഗര്‍, അതിശയന്‍, ഛോട്ടാമുംബൈ, നാദിയ കൊല്ലപ്പെട്ട രാത്രി, ബ്ലാക്ക് ക്യാറ്റ്, ചോക്ലേറ്റ്, രൌദ്രം, അണ്ണന്‍‌തമ്പി, ലവ് ഇന്‍ സിംഗപ്പോര്‍ തുടങ്ങിയവയാണ് രാജന്‍ പി ദേവ് അഭിനയിച്ച പ്രധാന സിനിമകള്‍.

അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, അച്ഛന്‍റെ കൊച്ചുമോള്‍ക്ക് എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഒട്ടേറെ തമിഴ്, തലുങ്ക് ചിത്രങ്ങളിലും രാജന്‍ പി ദേവ് അഭിനയിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയായ രാജന്‍ പി ദേവ് എസ്‌ജെ ദേവിന്‍റെയും കുട്ടിയമ്മയുടെയും മകനാണ്‌. രാജന്‍ പി ദേവിന്‌ ജൂബിലി തീയേറ്റേഴ്സ്‌ എന്ന പേരില്‍ ഒരു നാടകട്രൂപ്പുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :