അഴിമതിയില്‍ യു പി എ സര്‍ക്കാര്‍ മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അണ്ണാ ഹസാരെ എന്തുകൊണ്ടാണ് നിരാഹാരസമരത്തിന് തയ്യാറായതെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിയുടെ മൂക്കിനു താഴെയാണ് ഈ നിരാഹാരം നടക്കുന്നത്. അണ്ണാ ഹസാരെയുടെ നിരാഹരത്തെക്കുറിച്ച് സോണിയ ഗാന്ധി മറുപടി പറയണമെന്നും വി എസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പെണ്‍വാണിഭക്കാര്‍ ഇപ്പോള്‍ കടുത്ത ബേജാറിലാണെന്ന് പറഞ്ഞ വി എസ് പെണ്‍വാണിഭക്കാരോടും അഴിമതിക്കാരോടും സന്ധിയില്ലെന്നും പ്രഖ്യാപിച്ചു. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും എഴുതിക്കൊടുത്ത കാര്യങ്ങളാണ് സോണിയ ഗാന്ധി ഇവിടെ പ്രസംഗിച്ചതെന്നും ഇതുപോലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളത്തെക്കുറിച്ച് അവര്‍ മനസിലാക്കിയിരിക്കുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് യു ഡി എഫ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണനേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്.
ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. രണ്ടു രൂപയ്ക്ക് എത്ര കിലോ അരി നല്‍കുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.