ബാലരാമപുരം|
WEBDUNIA|
Last Modified ശനി, 26 ഏപ്രില്‍ 2014 (16:36 IST)
യന്ത്ര സഹായത്താല്‍ തെങ്ങില്‍ കയറിയ യുവതി ഇടയ്ക്ക് യന്ത്രം പണിമുടക്കിയതോടെ തെങ്ങില്‍ കുടുങ്ങി. മംഗലത്തുകോണം ചാവടിനട പാലച്ചല്‍ കോണം വലിയവിള പുത്തന്‍ വീട്ടില്‍ മിനിമോള്‍ എന്ന 31 കാരിയാണ് തെങ്ങില്‍ കുടുങ്ങിയത്.
ഒടുവില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി യുവതിയെ രക്ഷിച്ചു. യന്ത്ര സഹായത്താല്‍ തെങ്ങ് കയറ്റ പരിശീലനം കഴിഞ്ഞ യുവതി അടുത്തിടെയാണു സ്വതന്ത്രമായി തെങ്ങുകയറ്റം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ സമീപത്തെ ഒരു പുരയിടത്തില്‍ തേങ്ങ വെട്ടാന്‍ കയറിയയുവതി യന്ത്രം തകരാറിലായതോടെ യന്ത്രം കാലില്‍ കുടുങ്ങുകയും തലകീഴായി തെങ്ങില്‍ തൂങ്ങിക്കിടക്കേണ്ടി വന്നു.
അപകടത്തിലായ യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വളരെ ചെറിയൊരു കുരുക്കില്‍ കുടുങ്ങിയായിരുന്നു 80 അടിയോളം ഉയരമുള്ള തെങ്ങില്‍ തലകീഴായി കിടന്നത്.
ഫയര്‍ഫോഴ്സുകാരുടെ കൈവശം ഉണ്ടായിരുന്ന ലാഡറിന് തെങ്ങിന്‍റെ മുകളറ്റം വരെ നീളമില്ലാതിരുന്നതിനാല്‍ ഫയര്‍മാന്മാരായ രാജനും ലിജുവും തെങ്ങില്‍ കയറി യുവതിയെ തെങ്ങില്‍ ചേര്‍ത്തുകെട്ടി കയറും വലയും ഉപയോഗിച്ച് അവസാനം നിലത്തിറക്കുകയായിരുന്നു.
അവശനിലയില്‍ താഴെയിറങ്ങിയ യുവതിയെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്റിയില്‍ പ്രവേശിപ്പിച്ചു.