നടന്‍ തിലകനും താരസംഘടനയായ ‘അമ്മ’യും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങളാണ് മോഹന്‍ലാല്‍-അഴീക്കോട് വാക്പയറ്റിലേക്ക് നയിച്ചത്. ഒടുവില്‍ മോഹന്‍ലാലിനെതിരെ അഴീക്കോട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന ഘട്ടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകാന്‍ സാധ്യത തെളിയുകയാണ്. മന്ത്രി എം കെ മുനീര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കാപ്പാനാണ് ശ്രമം. ഇതിനായുള്ള ചര്‍ച്ചകള്‍ അധികം വൈകാതെ ഉണ്ടാകും എന്നാണ് സൂചന.
അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നുള്ള മോഹന്‍ലാലിന്റെ അഭിപ്രായപ്രകടനമാണ് കുഴപ്പമുണ്ടാക്കിയത്. ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്ന ആളാണ് താനെന്നും മതിഭ്രമം എന്ന വാക്ക് പ്രയോഗിക്കുക വഴി തന്റെ സല്‍പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നും കാണിച്ച് അഴീക്കോട് തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുക്കുകയും ചെയ്തു.
മോഹന്‍ലാലിനോട് വിരോധമൊന്നുമില്ലെന്നും ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും ഈയിടെ ഒരു അഭിമുഖത്തില്‍ അഴീക്കോട് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ഒന്നു ഫോണില്‍ വിളിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, മോഹന്‍ലാല്‍ അഭിനയിച്ച ബ്ലസി ചിത്രമായ ‘പ്രണയം‘ അഴീക്കോട് തീയേറ്ററില്‍ ചെന്ന് കാണുകയും ചെയ്തു.
ഇരുവരോടും അടുത്ത വൃത്തങ്ങള്‍ ചേര്‍ന്നാണ് മുനീറിനെ ചര്‍ച്ചയ്ക്കായി സമീപിച്ചിരിക്കുന്നത്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ സ്പെയിനിലാണുള്ളത്.