മോചിപ്പിച്ച പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

കോട്ടയ്ക്കല്‍| M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (14:30 IST)
പൊലീസ്‌ സ്‌റ്റേഷന്‍ കയ്യേറി സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഇന്ന്‌ പുലര്‍ച്ചെ 5.30 നാണ്‌ മുപ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോട്ടക്കല്‍ സ്‌റ്റേഷനില്‍ നിന്ന്‌ പ്രതിയെ മോചിപ്പിച്ചത്‌.

എടരിക്കാടുണ്ടായ മുസ്‌ലിം ലീഗ്‌-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ കേസിലെ അഞ്ചാം പ്രതി ഏലമ്പറമ്പില്‍ ഹംദാനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് രക്ഷപ്പെടുത്തിയത്. നേരത്തെ സ്പെന്‍സര്‍ വ്യാപരസ്ഥാപനം അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ഹംദാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ സി.പി.എം പ്രാദേശിക നേതാക്കള്‍ ഹംദാനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇതേ തുടര്‍ന്നായിരുന്നു അക്രമം. അക്രമത്തില്‍ എ.എസ്.ഐ സദാനന്ദന്‍, കോണ്‍സ്റ്റബില്‍ മൂസ, വനിതാ കോണ്‍സ്‌റ്റബിള്‍ ഫിലോമിന എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ ഹംദാനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തില്‍ മുപ്പത് പേര്‍ക്കെതിരെ കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :