മെഡിക്കല്‍ കോളജുകളില്‍ ഇന്ന് കരിദിനം

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാന വ്യാപകമായി ഇന്ന് മെഡിക്കല്‍ കോളജുകളില്‍ കരിദിനം ആചരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാന വ്യാപകമായി ഇന്ന് സമരം ആചരിക്കുന്നത്.

വനിതാ റസിഡന്‍റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം സമരം അവസാനിപ്പിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വിളിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

സമരവുമായി ഡോക്ടര്‍മാര്‍ ശക്തമായി മുന്നോട്ടു പോകുന്നതിനാല്‍ ഇന്നലെയും ഒട്ടേറെ ശസ്‌ത്രക്രിയകള്‍ മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ പലരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ വാങ്ങിത്തുടങ്ങി. നാളെ മുതല്‍ സമരം സംസ്ഥാന വ്യാപകമാക്കുന്നതിനു മുന്നോടിയായിട്ടാണ് ഇന്ന്‌ സംസ്ഥാന വ്യാപമായി മെഡിക്കല്‍ കോളജുകളില്‍ കരിദിനം ആചരിക്കുകയാണ്‌. അതിനിടെ പിജി അസോസിയേഷന്‍ ഇന്ന്‌ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരം പിന്‍വലിയ്ക്കില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ നിലപാട്‌. ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :