മുസ്ലീംലിഗ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് കോഴിക്കോട് ചേരുന്നു. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം നടക്കുന്ന ആദ്യത്തെ യോഗമാണിത്. ഐസ്ക്രീം വിവാദത്തിനൊപ്പം തന്നെ ഇന്ത്യാവിഷന്‍ ചീഫ് എഡിറ്ററായി സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനമേറ്റതും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും മത്സരിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
മുനീര്‍ ചെയര്‍മാനായ ചാനലില്‍ ഇടതുപക്ഷസഹയാത്രികനായ സെബാസ്റ്റന്‍ പോള്‍ ചീഫ് എഡിറ്ററായതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഐസ്ക്രീം വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ മുനീര്‍ ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് മുനീര്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ചെയര്‍മാന്‍ ഇടപെടാറില്ലെന്നും എഡിറ്റോറിയല്‍ ബോര്‍ഡിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ലീഗ് നേതൃയോഗത്തില്‍ ഉടലെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ചാനല്‍ സമാഹരിച്ച തെളിവുകള്‍ പുറത്തുവിടുന്നതിന് പകരം പിന്നീട് ആ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന്, അവസാനിപ്പിച്ചെന്ന് കരുതിയ വെളിപ്പെടുത്തലുകള്‍ ഈ ആഴ്ച ചാനല്‍ പുനരാരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ ചാനലിലേക്കുള്ള പ്രവേശനവും.