മുളകുപൊടി വിതറി സ്വര്‍ണ കവര്‍ച്ച: 6 പ്രതികള്‍ പിടിയില്‍

തൃശൂര്‍| WEBDUNIA| Last Modified ശനി, 12 ജനുവരി 2013 (11:34 IST)
PRO
PRO
മധുരയില്‍ വച്ച് മുളകുപൊടി വിതറി നാലരകിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അറുപേര്‍ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയില്‍. ഇവര്‍ കവര്‍ന്ന സ്വര്‍ണത്തില്‍ നാലു കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. തൃശൂര്‍ ഒളരിക്കര ആമ്പക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍ (42), തൃശൂര്‍ നെല്ലായി കടമ്പക്കാട്ടില്‍ പ്രിസ്റ്റോ(22), ചാവക്കാട്‌ ഇരട്ടപ്പുഴ പറയച്ചന്‍ വീട്ടില്‍ ബബീഷ്‌ എന്ന തക്കുടു(18), ചാവക്കാട്‌ മണത്തല നെരിയമ്പിള്ളി വീട്ടില്‍ റിബിന്‍(23), തൈക്കാട്‌ പാലുവായ്‌ അപ്പനത്ത്‌ വീട്ടില്‍ ശരത്‌(21), ചാവക്കാട്‌ ഇരട്ടപ്പുഴ ചക്കര വീട്ടില്‍ വിജീഷ്‌(27) എന്നിവരെയാണ്‌ പിടികൂടിയത്‌.

കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂരില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങളുമായി പോയ വിയ്യൂര്‍ സ്വദേശി ജോബി റാഫേല്‍(41), മുളങ്കുന്നത്തുകാവ്‌ സ്വദേശി വിനോദ്കുമാര്‍(32) എന്നിവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ്‌ മര്‍ദ്ദിച്ച്‌ അവശരാക്കി സ്വര്‍ണം കവര്‍ന്നത്‌.

ജോബി റാഫേല്‍ മധുരയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ലോഡ്ജിലേക്ക് പോകുന്ന വഴിയാണ് ഇയാള്‍ ആക്രമത്തിന് ഇരയായത്. കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങി തൃശൂരില്‍ കൊണ്ടുവന്ന്‌ പുതിയ മാതൃകയിലുള്ള ആഭരണങ്ങളാക്കി മധുരയിലെ ജ്വല്ലറികളില്‍ വില്‍ക്കുകയാണ്‌ ഇയാളുടെ പതിവ്

സംഭവദിവസം ജോണ്‍സന്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍നിന്ന്‌ സജീവനെ വിളിച്ച്‌ ജോബിയും വിനോദും സ്വര്‍ണവുമായി പോകുന്നുണ്ടെന്ന വിവരം കൂട്ടാളികളെ അറിയിക്കുകയായിരുന്നു‌. തുടര്‍ന്ന്‌ സജീവന്‍ പ്രിസ്റ്റോവിനോട്‌ കാറുമായി ഗുരുവായൂരില്‍ എത്താന്‍ ആവശ്യപ്പെട്ടു.

പ്രിസ്റ്റോ കൊണ്ടുവന്ന കാറില്‍ പ്രതികള്‍ തൃശൂരിലെത്തി. ബസില്‍ സ്വര്‍ണവുമായി രണ്ടു പേരും കയറിയെന്ന്‌ മനസിലാക്കിയ സംഘം തക്കുടുവിനെയും അതേ ബസില്‍ കയറ്റിവിട്ടു. പിന്നീട്‌ ബസിനെ പിന്‍തുടര്‍ന്ന്‌ കാറില്‍ മധുരയില്‍ എത്തുകയായിരുന്നു.

തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ എത്തിയശേഷം പ്രതികള്‍ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ തമിഴ്‌നാട്‌ രജിസ്ട്രേഷനാക്കി മാറ്റി. ബസ്‌ മധുരയില്‍ എത്തുന്നതിനുമുമ്പുതന്നെ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ കാത്തു നിന്ന ഇവര്‍ ബസില്‍ നിന്നിറങ്ങിയ ജോബിയെയും വിനോദിനെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്വര്‍ണമടങ്ങിയ ബാഗുമായി കാറില്‍തന്നെ പഴനിയില്‍ എത്തി.

പൊലീസ്‌ പരിശോധന ഭയന്ന്‌ സജീവന്‍, ശരത്ത്‌, വിഷ്ണു എന്നിവര്‍ സ്വര്‍ണവുമായി ബസില്‍ കയറിയാണ്‌ നാട്ടിലെത്തിയത്‌. മധുരയില്‍തന്നെ ഇതിനുമുമ്പ്‌ മൂന്നുതവണ കവര്‍ച്ചയ്ക്ക്‌ ശ്രമിച്ചതായി പ്രതികള്‍ പൊലീസിനോട്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :