മുല്ലപ്പെരിയാ‍ര്‍: പുതിയ അണക്കെട്ട് വൈകുന്നു

Mullapperiyar dam
FILEFILE
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ ചുമതലപ്പെടുത്തിയ സംഘത്തിന്‍റെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന് പരാതി.

സര്‍വ്വേ ജോലികള്‍ക്കായി നിയോഗിച്ച ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ഥലം മാറ്റം വാങ്ങിപ്പോയതാണ് ഇതിന് കാരണം. ഓഗസ്റ്റ് 14ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുല്ലപ്പെരിയാരില്‍ പുതിയ അണക്കെട്ട് പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്.

1979ല്‍ കേന്ദ്ര ജലക്കമ്മിഷന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് തീരുമാനമായത്. നിലവിലുള്ള അണക്കെട്ടിന് 1300 അടിക്ക് താഴെയാണ് ഈ സ്ഥലം. പുതിയ അണക്കെട്ടിനുള്ള വിശദമായ പദ്ധതി തയാറാക്കാന്‍ ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ജലവിഭവ വകുപ്പ് ഇന്‍‌വെസ്റ്റിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീ‍സ് തേക്കടിയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായിരുന്നു. ഒരു അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കീഴില്‍ അഞ്ച് എ.ഇമാരും ആവശ്യത്തിന് ഓവര്‍സീയര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന സംഘത്തോട് സര്‍വ്വേ ജോലികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ സബിഡിവിഷന്‍റെ കീഴിലാണ് കൊച്ചിയിലെ ഓഫീ‍സ് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവായത്. എന്നാല്‍ സര്‍ക്കാ‍ര്‍ നിര്‍ദ്ദേശം നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും ഓഫീ‍സ് മാറ്റി സ്ഥാപിക്കുകയോ സര്‍വ്വേ ജോലികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

സ്ഥലം മാറ്റിയവര്‍ക്ക് പകരം പുതിയ ആളുകളെ ഈ ഓഫീ‍സില്‍ നിയമിച്ചിട്ടുമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നിരീക്ഷണത്തിനായി തേക്കടിയില്‍ മുമ്പ് ആരംഭിച്ച ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.

ഇടുക്കി| WEBDUNIA| Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2007 (12:20 IST)
ഈ മാസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി സെയ്ഫുദീന്‍ സോസ് വിളിച്ചിട്ടുള്ള കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം പുതിയ അണക്കെട്ടിന്‍റെ സര്‍വ്വേ ജോലികള്‍ തുടങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാ‍ര്‍ നല്‍കിയതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :