മുരളിയുടെ പാത ദുഷ്കരം

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 20 ജൂലൈ 2009 (19:13 IST)
കെ മുരളീധരന്‍ യു ഡി എഫിന്‍റെ കനിവിനായി കാത്തിരിക്കുകയാണ്. എങ്ങനെയും യു ഡി എഫില്‍ തിരിച്ചെത്തുക എന്ന ലക്‍ഷ്യമാണ് കെ പി സി സിയുടെ ഈ പഴയ പ്രസിഡന്‍റ്‌ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍, മുരളീധരന്‍റെ രാഷ്ട്രീയപാത വരും നാളുകളില്‍ കൂടുതല്‍ ദുഷ്കരമാകുമെന്ന മുന്നറിയിപ്പാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. എന്‍ സി പിയെ യു ഡി എഫില്‍ എടുക്കില്ല എന്ന് സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തിലാണ് ചെന്നിത്തല പ്രഖ്യാപിച്ചത്.

ജനതാദളിന് വാതില്‍ തുറന്നിടുകയും എന്‍ സി പിക്ക് നേരെ മുഖം തിരിക്കുകയും ചെയ്തിരിക്കുകയാണ് യു ഡി എഫ്. ഇതോടെ ‘ഇനിയെന്ത്?’ എന്ന ചോദ്യമാണ് മുരളീധരന് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ചെന്നിത്തലയുടെ പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിന്‍റെ അധ്യക്ഷന്‍റെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ലെങ്കില്‍ മുരളീധരന് യു ഡി എഫ് പ്രവേശനം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടി വരും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ നിലപാടുകള്‍ സ്വീകരിക്കുകയും യു ഡി എഫിന്‍റെയും എല്‍ ഡി എഫിന്‍റെയും നേതാക്കളെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന രീതിയില്‍ പലവട്ടം പരസ്യ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയിട്ടുമുള്ള നേതാവാണ് മുരളി. ആദ്യം എല്‍ ഡി എഫില്‍ ഉള്‍പ്പെടാമെന്ന് മോഹിക്കുകയും പിന്നീട് യു ഡി എഫില്‍ ചേക്കേറാമെന്ന് ആഗ്രഹിക്കുകയും അതിനു ശേഷം തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ഇരുമുന്നണികളെയും വെല്ലുവിളിക്കുകയും ചെയ്ത മുരളീധരന്‍ എല്ലാവര്‍ക്കും അനഭിമതനായതിന് പ്രത്യേകിച്ച് കാരണമൊന്നും തിരയേണ്ട ആവശ്യമില്ല.

ശരദ് പവാര്‍ വഴി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി യു ഡി എഫില്‍ അംഗമാകാമെന്നാണ് മുരളി ഇപ്പോള്‍ കണക്കുകൂട്ടുന്നത്. രമേശ് ചെന്നിത്തലയെയും ഉമ്മന്‍‌ചാണ്ടിയെയും പി പി തങ്കച്ചനെയുമൊക്കെ വെറുപ്പിച്ചുകൊണ്ട് കുറുക്കുവഴികളിലൂടെയുള്ള മുരളിയുടെ നീക്കങ്ങള്‍ ഫലം കാണുമെന്ന് രാഷ്ട്രീയപണ്ഡിതര്‍ അരശതമാനം പോലും കരുതുന്നില്ല. ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നാണ് മുരളിയുടെ യു ഡി എഫ് പ്രവേശനത്തെപ്പറ്റി ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്.

സ്വന്തം പ്രവര്‍ത്തനങ്ങളും ഡയലോഗുകളുമാണ് കേരളരാഷ്ട്രീയത്തില്‍ കെ മുരളീധരനെ ഒരു ചെറിയ തുരുത്ത് മാത്രമാക്കി തീര്‍ത്തത്. ഒരു കരയിലും അടുക്കാത്ത വഞ്ചിക്ക് സമാനമാണ് മുരളീധരന്‍റെ സ്ഥിതി. എന്തായാലും കൌശലക്കാരനായ ഈ നേതാവിന്‍റെ ഇനിയുള്ള തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :