മുടക്കോഴി മാതൃക മറ്റ് പാര്‍ട്ടി ഗ്രാമങ്ങളിലും പൊലീസ് കാണിക്കണം: ഹസന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
ചന്ദ്രശേഖരന്‍ വധക്കേസിലെ പൊലീസ്‌ അന്വേഷണം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. മുടക്കോഴി മാതൃകയിലുള്ള പൊലീസ്‌ നടപടികള്‍ എല്ലാ പാര്‍ട്ടി ഗ്രാമങ്ങളിലും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസ്‌ തെരയുന്ന പി കെ കുഞ്ഞനന്തന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണു പ്രചരിക്കുന്നത്‌. ഇവിടങ്ങളില്‍ നിയമവാഴ്ച ഇല്ലാത്തതാണ്‌ ഇത്തരക്കാര്‍ക്ക്‌ ഒളിച്ചിരിക്കാന്‍ സാഹചര്യമുണ്ടാകുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി ഗ്രാമങ്ങളിലെ ആയുധങ്ങള്‍ കണ്ടെത്താനും നിയമവാഴ്ച പുനഃസ്ഥാപിക്കാനും പൊലീസ്‌ ശക്തമായ നടപടി സ്വീകരിക്കണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഈ സാഹചര്യത്തില്‍ ശക്തമായ നടപടിക്കു പൊലീസ്‌ തയാറാകണം. കോണ്‍ഗ്രസിനു പാര്‍ട്ടി ഗ്രാമങ്ങളുണ്ടെങ്കില്‍ അവിടെയും നിയമവാഴ്ച ഉറപ്പുവരുത്താന്‍ പൊലീസ്‌ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ ലോബിയുടെ കൈയില്‍നിന്ന് സി പി എം സംസ്ഥാന നേതൃത്വത്തെ മോചിപ്പിച്ചാലേ ആ പാര്‍ട്ടി രക്ഷപ്പെടുകയുള്ളൂ. നവലിബറല്‍ ആശയത്തില്‍നിന്നും ഫ്യൂഡല്‍-സ്റ്റാലിനിസ്റ്റ്‌ രീതിയില്‍നിന്നും പാര്‍ട്ടി മാറണമെങ്കില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ നേതൃത്വത്തില്‍ നിന്നൊഴിയണം. നെയ്യാറ്റിന്‍കരയില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ്‌ ഒ രാജഗോപാലിനു വോട്ട്‌ വര്‍ധിക്കാന്‍ കാരണമെന്നും ഹസന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :