മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി|
WEBDUNIA|
PRO
PRO
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എങ്ങനെ അന്വേഷിക്കണമെന്നത് അന്വേഷണ സംഘത്തിന്റെ സ്വാതന്ത്ര്യമാണ്. അതില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് അഡ്വ. ജനറല്‍ കോടതിയില്‍ വെളിപ്പെടുത്തിയത് ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു. ഒരാഴ്ച മുന്‍പ് ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയെ ചോദ്യംചെയ്തുവെന്നായിരുന്നു എജിയുടെ വെളിപ്പെടുത്തല്‍.
കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്ന ആര്‍ക്കും അന്വേഷണ സംഘത്തെക്കുറിച്ച് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘം തലവന്‍ എഡിജിപി ഹേമചന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്തത്. ചോദ്യാവലി നല്‍കി ഉത്തരം എഴുതി വാങ്ങുകയായിരുന്നുവെന്നും എജി കോടതിയില്‍ വ്യക്തമാക്കി.
2012 ജൂലൈ ഒമ്പതിന് ശ്രീധരന്‍ നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചെന്നും കോടതിയില്‍ എജി വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌കും വെബ് ക്യാമറയും പിടിച്ചെടുത്ത് ഓഗസ്റ്റ് 29ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും എജി വെളിപ്പെടുത്തിയിരുന്നു.
ശ്രീധരന്‍ നായര്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് പറയുന്ന 2012 ജൂലൈ 9ലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് എജി മറുപടി നല്‍കി. ഇത് വീണ്ടെടുക്കാനാകുമോ എന്ന ചോദ്യത്തിന് പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ കഴിയൂ എന്നും എജി മറുപടി നല്‍കി. ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നും എജി കോടതിയെ അറിയിച്ചിരുന്നു.