മുഖ്യമന്ത്രിക്ക് കല്ലേറില്‍ തലയ്ക്ക് പരുക്ക്, രണ്ട് ദിവസത്തെ പൂര്‍ണ്ണ വിശ്രമം; 22 പേരെ അറസ്റ്റ് ചെയ്തു,ആയിരം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം| WEBDUNIA|
PRO
സിപിഎം പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റു. കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ധരാത്രിയോടെ തലസ്ഥാനത്തെത്തി. വിദഗ്ധ പരിശോധനകള്‍ക്കായി മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ അഡ്മിറ്റ് ചെയ്തു. രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.തനിക്ക് നേരെയുള്ള ആക്രമണം എല്ലാ മര്യാദകളും ലംഘിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരെയും കേസെടുത്തു. കെ കെ നാരായണന്‍, കെ സി കൃഷ്ണന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തു.

തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കെ മുരളി ഉള്‍പ്പെടെയുള്ളവരെയാണ് വിവിധ സ്റ്റേഷനുകളിലായി കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ കല്ലേറു നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ആയിരത്തോളം സിപിഐ(എം) പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ കാറിന്റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായാണ് മുറിവേറ്റത്.

പൊലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. ഇടത് പ്രവര്‍ത്തകരുടെ ഉപരോധ സമരം കണക്കിലെടുത്ത് ദേശീയ പാതയ്ക്ക് സമീപം കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പൊലീസ് മൈതാനത്തെത്തിയത്.

സോളാ‌ര്‍ കേസിനുശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ എത്തിയത്. നേരത്തെ എം വി രാഘവനെ കാണാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :