എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആത്മാര്‍ത്ഥതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കേസിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കവര്‍ച്ച നടന്ന കാലടി ആദിശങ്കര ജന്‍മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് ഇതുവരെ അനുമതി നല്‍കാത്തത് കാരണം ലാവ്‌ലിന്‍ കേസ് ചീറ്റിപ്പോയെന്ന് പിണറായി വിജയന്‍ കരുതേണ്ടതില്ല. ലാവ്‌ലിന്‍ കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി തന്‍റെ അധികാരം വിനിയോഗിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കാലടി ക്ഷേത്രത്തില്‍ മോഷണം നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സി ബി ഐയെ ചുമതലപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് കോടികള്‍ വിലമതിക്കുന്ന മരതകശിവലിംഗവും പൂജാസാമഗ്രികളും ക്ഷേത്രത്തില്‍ നിന്ന് മോഷ്‌ടിക്കപ്പെട്ടത്.