മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയതായി അറിയില്ല: ധനമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും നികുതി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയതായി അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘയോട് നികുതി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ വാണിജ്യനികുതി വകുപ്പാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്താലല്ല തീരുമാനം എടുക്കേണ്ടതെന്നും ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോട്ടറികേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം വന്നാല്‍ ആദ്യം പ്രതിയാക്കപ്പെടുന്നത് കേന്ദ്ര സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹം മാപ്പു പറയാന്‍ തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, അന്യസംസ്ഥാന ലോട്ടറികളുടെ പ്രധാന ഏജന്റുമാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും മുന്‍കൂര്‍ നികുതി ഈടാക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാണിജ്യ നികുതി വകുപ്പിനാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന്, മുന്‍കൂര്‍ നികുതി അടക്കാന്‍ എത്തിയ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെ മടക്കി അയച്ചിരുന്നു.