മില്‍മ പാലിന്‍റെ വില കൂടും

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 27 ഒക്‌ടോബര്‍ 2007 (17:18 IST)
സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഭക്‍ഷ്യ മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. ലിറ്ററിന് രണ്ടു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ.

എന്നാല്‍ എത്രരൂപ കൂട്ടണമെന്ന കാര്യം മന്ത്രിസഭായോഗം തിരുമാനിക്കും. മില്‍മയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ വില വര്‍ദ്ധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരണത്തിനായി ബാങ്കുകളില്‍ നിന്നും 200 കോടി രൂപ വായ്പ എടുക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കന്നുകാലികള്‍ക്കായുള്ള സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും ഗോരക്ഷാ പദ്ധതിയുടെയും രണ്ടാംഘട്ട ഉദ്ഘാടനത്തിലാണ് മന്ത്രി ദിവാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ലിറ്ററിന് രണ്ടു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യമെങ്കിലും അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിലേ ഉണ്ടാകൂ.

മില്‍മയുടെ ഭീമമായ നഷ്ടം പരിഹരിക്കണമെങ്കില്‍ അവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് സര്‍ക്കാ‍രിന്‍റെ നിലപാട്. ഇതേക്കുറിച്ച് ഒരു ചര്‍ച്ച ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാല്‍ ക്ഷാമം പരിഹരിക്കുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും കൂടിയ വിലയ്ക്ക് പാല്‍ വാങ്ങുന്നതാണ് മില്‍മയുടെ നഷ്ടത്തിന് കാരണം.

അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പാലിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു ലാബ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുമെന്നും മന്ത്രി പറഞ്ഞു. 200 കോടി രൂപയുടെ നെല്ല് സംഭരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :